ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് അന്പത് വർഷത്തിന്റെ നിറവിൽ

മനാമ : ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ (ബി.ഡി.എഫ്) 718 സൈനിക മേധാവികൾക്ക് വിവിധ റാങ്കുകൾ നൽകിക്കൊണ്ടുള്ള ഉത്തരവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പുറപ്പെടുവിച്ചു. ബി.ഡി.എഫിന്റെ 50−ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ, രാജാവിനും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് നന്ദി അറിയിച്ചു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായുള്ള അവരുടെ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 6835 കമ്മീഷൻഡ് ഓഫീസർമാർക്കും സൈനിക ഉദ്യോഗസ്ഥർക്കും പ്രമോഷൻ നൽകിക്കൊണ്ടുള്ള ഉത്തരവ് ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് പുറപ്പെടുവിച്ചു.
ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയതലത്തിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ബി.ഡി.എഫിന് കൂടുതൽ പുരോഗതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമദ് അൽ ഖലീഫയെ ഹമദ് രാജാവ് അനുമോദിച്ചു.
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും, ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷലിനെ അഭിനന്ദിച്ചു. 1968ൽ മുൻ അമീർ ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫയുടെ ഭരണ കാലഘട്ടത്തിലാണ് ബഹ്റൈൻ ഡിഫനൻസ് ഫോഴ്സ് രൂപീകരിക്കപ്പെട്ടത്.