ബഹ്റൈൻ ടൂറിസം മേഖല; നിയമം കർശനമാകുന്നു
മനാമ: ടൂറിസം മേഖലയിൽ നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. നിലവിലുള്ള നിയമം അനുസരിച്ച് ലൈസൻസ് ഇല്ലാതെ ടൂറിസവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏർപ്പെടുകയോ ലൈസൻസിൽ പറഞ്ഞിട്ടുള്ള നിയമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസം തടവോ, അഞ്ഞൂറ് ദിനാർ വരെ പിഴയോ ലഭിക്കുന്ന ശിക്ഷയാണ് ഇപ്പോൾ നൽകുന്നത്. എന്നാൽ പുതുതായി വിവിധ വകുപ്പുകളുടെ കൂടിയാലോചനയ്ക്ക് ശേഷം അനുമതി ലഭിച്ച പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ആറ് മാസം തടവോ പിഴയിനത്തിൽ പതിനായിരം മുതൽ അന്പതിനായിരം ദിനാർ വരെ പിഴയോ ചുമത്തുമെന്നാണ് ടൂറിസം വകുപ്പ് അറിയിച്ചിട്ടുള്ളത്.

