ഓർമ്മചിത്രങ്ങൾ നെഞ്ചിലേറ്റി മുഹമ്മദ് തഖീ നാട്ടിലേക്ക്


മനാമ: നീണ്ട ഇരുപത്തി ഒന്ന് വർഷത്തെ പ്രവാസത്തിന്റെ നിറമുള്ള  ഓർമ്മകളുമായി അന്പത്തിയെട്ടാം വയസിൽ ഇന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ് ബഹ്‌റൈനിലെ  അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ   മുഹമ്മദ് തഖീ. 1986 കാലഘട്ടത്തിലാണ് മുഹമ്മദ് തഖി ബഹ്‌റൈനിൽ എത്തുന്നത്. രണ്ട് മാസത്തോളം ഒരു സ്വകാര്യ കന്പനിയിൽ ജോലി നോക്കുകയും, പിന്നീട്  ജാഷ മാളിൽ ക്യാമറ ടെക്‌നീഷനായി  ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ബാല്യം തൊട്ടേയുള്ള ഫോട്ടോഗ്രഫിയോടുള്ള  അഭിരുചി പിന്നീടുള്ള തൊഴിൽ മേഖലയെ സന്പന്നമാക്കി.  കൊമേർഷ്യൽ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആദ്യത്തെ ഫോട്ടോഗ്രാഫിക് ക്ലബ് രൂപീകരിക്കുവാൻ മുൻകെയൈടുത്ത വ്യക്തി കൂടിയാണ് മുഹമ്മദ് തഖി. കൂടാതെ  ജീക്കു വേണ്ടി നടത്തിയ മാരത്തോൺ, ഫോർമുല വൺ കാറോട്ട മത്സരം  എന്നിവയുടെ ഫോട്ടോകൾ പകർത്താൻ സാധിച്ചതും തഖിയുടെ ബഹ്റൈൻ ഓർമ്മകളിൽ സജീവമാണ്. സൗദ്യ അറേബ്യയിൽ വെച്ച് ബ്യൂട്ടിഫുൾ ജിദ്ദ എന്ന വിഷയത്തിൽ നടത്തിയ  ഫോട്ടോഗ്രാഫിക് മത്സരത്തിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള ഗവൺമെന്റ് അവാർഡ് ഇദ്ദേഹത്തിന്  ലഭിച്ചിട്ടുണ്ട്.

ജാതി മത ഭേദമില്ലാതെ തന്റെ സുഹൃത്തുക്കൾക്കൊപ്പം ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ പങ്കുവെച്ച നിരവധി ഓർമകളെ നെഞ്ചിലേറ്റിയാണ് താൻ മടങ്ങുന്നതെന്നും, നാട്ടിൽ ചെന്നാൽ ഒരുപക്ഷെ കണ്ടാൽ മിണ്ടാത്ത,തിരക്കേറിയ  ഒരുക്കൂട്ടം ആളുകളുടെ നടുവിലായിരിക്കും ജീവിക്കാൻ പോകുന്നതെന്ന ആശങ്കയും തനിക്കുണ്ടെന്നും തഖി പറയുന്നു. നാട്ടിലെത്തിയാൽ തനിക്കേറ്റവും ഇഷ്ടമുള്ള ഫോട്ടോഗ്രാഫി മേഖലയിൽ തുടരാൻ തന്നെയാണ്  മുഹമ്മദിന്റെ ആഗ്രഹം.  പഠിച്ചതും, വളർന്നതും പൊന്നാനിക്ക് അടുത്തുള്ള വെളിയംകോട് ദേശത്തതാണെങ്കിലും ഇപ്പോൾ താമസിക്കുന്നത് തൃശൂർ ജില്ലയിലെ ഗുരുവായൂർ വടക്കേക്കാട് ദേശത്താണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed