തെരുവുനായ് ശല്യം; വിദ്യാർത്ഥികളും രക്ഷിതാക്കളും ഭീതിയിലെന്ന് പരാതി
മനാമ: ബഹ്‌റൈനിലെ പല ജനവാസ കേന്ദ്രങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വർദ്‍ധിക്കുന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ഭീതിയിലാഴ്‌ത്തുന്നു. രാവിലെ സ്‌കൂളിലേയ്ക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ നായ്ക്കൾ ഓടിയെത്തുന്നത് പതിവ് കാഴ്ച്ചയാണ്. ബഹ്‌റൈനിലെ മിക്ക വിദ്യാലയങ്ങളിലേയ്ക്കും രാവിലെ 6 മണി മുതൽക്ക് തന്നെ ബസ് സർവ്വീസ് ആരംഭിക്കുന്നുണ്ട്. ഈ നേരത്താണ് അലഞ്ഞ് തിരിയുന്ന നായ്‌ക്കളുടെ വിഹാരം നടക്കുന്നത്. പൊതുവെ രാവിലെ ഈ സമയങ്ങളിൽ പുറത്ത് ആളുകൾ കുറവായതിനാൽ രാത്രികാലങ്ങളിൽ കടകളിൽ നിന്നും ഭക്ഷണ ശാലകളിൽ നിന്നും കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ച പഴകിയ ഭക്ഷണ പദാർത്ഥങ്ങളും മാംസാവശിഷ്ടങ്ങളും എടുക്കുന്നതിന് വേണ്ടിയാണ് നായകൾ കൂട്ടത്തോടെ അതിരാവിലെ തെരുവിലിറങ്ങുന്നത്. ബസ് സ്റ്റോപ്പുകളിൽ സ്‌കൂൾ കുട്ടികൾ മാത്രമുണ്ടാകുന്ന അവസരങ്ങളിൽ ഇവറ്റകൾ കുട്ടികളുടെ നേർക്കും പലപ്പോഴും തിരിയുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. സ്‌കൂൾ ബാഗും ടിഫിനുകളുമായി സ്റ്റോപ്പിലേയ്ക്ക് തനിച്ച് നടക്കുന്ന വിദ്യാർത്ഥികൾക്ക് പിറകെ നടക്കുന്ന നായ്ക്കൂട്ടങ്ങൾ ഇവരിലും ഭീതി സൃഷ്ടിക്കുന്നു. മനാമ, ഗുദൈബിയ, സൽമാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ ഭീഷണി രൂക്ഷമാക്കുന്നത്.

