ആളിരന്പി സമാപനം : ആത്മവിശ്വാസത്തോടെ പാനലുകൾ
മനാമ : പ്രവാസലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അന്തിമപ്രചാരണത്തിന്റെ തിരക്കിലാണ് പാനലുകളും, സ്ഥാനാർത്ഥികളും. ബുധനാഴ്ച്ച ഇതിന്റെ ഭാഗമായി മൂന്ന് പാനലുകൾ പലയിടങ്ങളിലായി സംഘടിപ്പിച്ച പ്രചരണസമാപന യോഗങ്ങൾ അതിഗംഭീരമായി തന്നെ നടന്നു. യുപിഎ പാനലിന്റെ സമാപനം കെസിഎയിൽ വെച്ചും, പിപിഎ പാനലിന്റെ സമാപനം മർമ്മറീസ് ഹാളിൽ വെച്ചും, യുപിപിയുടെ സമാപനം ബാങ് സാൻ തായ് ഹാളിൽ വെച്ചുമാണ് നടന്നത്.
പ്രധാനപ്പെട്ട ഈ മൂന്ന് പാനലുകളുടെ സമാപന പരിപാടികളിലും രക്ഷിതാക്കളുടെയും, അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യം ഉറപ്പാക്കുന്നതിൽ പാനൽ സാരഥികൾ വിജയംകണ്ടപ്പോൾ ഇതിൽ എത്രത്തോളം പേരെ കൊണ്ട് വോട്ട് ചെയ്യിക്കാൻ സാധിക്കുമെന്ന ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. സമാപന പരിപാടി സംഘടിപ്പിക്കുന്പോൾ പാനലിനെ നിയന്ത്രിക്കുന്നവരുടെ സുഹൃത്തുക്കളും അവർ അംഗങ്ങളായ സംഘടനകളുടെ അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം ക്ഷണിതാക്കൾ ആയി എത്തിയിരുന്നത് കൊണ്ട് തന്നെ ഈ ആൾബലം വോട്ടായി മാറുമെന്ന് ഒരു പാനലുകാരും കരുതുന്നില്ല. മാത്രമല്ല എല്ലാ സമാപന പരിപാടിയിലും മികച്ച ബുഫെ ഭക്ഷണമൊക്കെ ഒരുക്കിയത് കൊണ്ട് ആളുകൾക്ക് പഞ്ഞവുമുണ്ടായിരുന്നില്ല.
ഇന്ത്യൻ സ്കൂളിലെ പതിനായിരത്തിനടുത്തു വരുന്ന രക്ഷിതാക്കളിൽ വോട്ടു ചെയ്യാൻ എത്തുന്നത് അതിൽ പകുതി താഴെ ആളുകൾ മാത്രമാണ് എന്നതാണ് പാനലുകളെയും സ്ഥാനാർഥികളുടെയും മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. കഴിഞ്ഞ ഓരോ കാലഘട്ടങ്ങളിലെയും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയത് പകുതിയിൽ താഴെ രക്ഷിതാക്കൾ മാത്രമായിരുന്നു. ജനാധിപത്യ രീതിയിൽ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ടെങ്കിലും അമിത രാഷ്ട്രീയവും കാലാകാലങ്ങളായി മലയാളികളുടെ നിയന്ത്രണത്തിലുള്ള ഭരണ സമിതി ആയതുകൊണ്ടും മറ്റിടങ്ങളിൽ നിന്നുള്ള രക്ഷിതാക്കൾ പൊതുവെ ഈ തിരഞ്ഞെടുപ്പിനോട് വിമുഖത കാണിക്കുന്ന പ്രവണതയുമുണ്ട്. ഇതിൽ ഇത്തവണ ചെറിയൊരുമാറ്റം ഉണ്ടാകുമെന്നാണ് എല്ലാ സ്ഥാനാർഥികളും പറയുന്നത്.
ഏഴ് സ്ഥാനങ്ങളിലേയ്ക്ക് 32 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടെന്നുള്ളതിനാൽ പലരുടെയും വോട്ട് ബാങ്കുകളിൽ ചോർച്ച ഉണ്ടാകാനും സാധ്യതയുണ്ട്. മനസാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്തു കൊണ്ട് പാനലുകൾ ഒന്നടങ്കം വിജയിപ്പിക്കാതെ വ്യക്തികളെ തിരഞ്ഞെടുക്കണമെന്ന ആഹ്വാനവുമായി സ്വാതന്ത്ര രക്ഷിതാക്കളുടെ ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിജയം സുനിശ്ചിതം എന്ന് പ്രധാന പാനലുകൾ അവകാശപ്പെടുന്പോഴും കാറ്റ് ആർക്കൊപ്പമെന്നുള്ള കാര്യം നിർണ്ണയിക്കാൻ കഴിയില്ലെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ. എന്തൊക്കെ ആരോപണ പ്രത്യാരോപണങ്ങൾ എല്ലാ പാനലുകളും പരസ്പരം ആരോപിച്ചാലും നിക്ഷ്പക്ഷമായി വോട്ടു ചെയ്യുന്ന ഒരു വലിയ വിഭാഗമാണ് തിരഞ്ഞെടുപ്പിന്റെ വിജയം തീരുമാനിക്കുക എന്നും ഇവർ അടക്കം പറയുന്നു. എല്ലാ പാനലുകളിൽ നിന്നും കഴിവും ആത്മാർഥതയുമുള്ള രക്ഷിതാക്കളെ മാത്രം തിരഞ്ഞെടുത്തു കൊണ്ട് ഈ നിക്ഷ്പക്ഷ രക്ഷിതാക്കൾ വോട്ട് ചെയ്താൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു പാനൽ അധികാരത്തിലെത്താനും അതുവഴി സ്കൂൾ ഭരണം അലങ്കോലമാകാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് പാനലുകൾ തന്നെ അധികാരത്തിൽ എത്തണമെന്നും പാനൽ അനുകൂലികളും വാദിക്കുന്നു. മൂന്നു പ്രധാന പാനലുകളിൽ നിന്നും വേറിട്ട് യാതൊരു രാഷ്ട്രീയ ചായ്വുമില്ലാതെ തങ്ങളുടെ മൂന്നു സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കുമെന്നുള്ള പ്രതീക്ഷയിലാണ് നാലാമത്തെ പാനലും ഇത്തവണ ആദ്യമായി മത്സരിക്കുന്ന മുന്നണിയുമായ വോയിസ് ഓഫ് പാരന്റ്സ്. ക്യാംപെയിനുകളും ഭക്ഷണവും നൽകി രക്ഷിതാക്കളെ വിളിച്ചുകൂട്ടി വലിയൊരു ആഘോഷമാക്കാൻ തങ്ങളുടെ കൈയ്യിൽ പണമില്ലെന്നും ഇന്ത്യൻ സ്കൂളിൽ കാലാകാലങ്ങളായി ഭരിച്ചവരും ഭരിക്കുന്നവരും നടത്തുന്ന ആഘോഷ മാമാങ്കത്തെ യഥാർത്ഥ രക്ഷിതാക്കൾ തിരിച്ചറിയുമെന്നും അവർ തങ്ങൾക്കൊപ്പം നിൽക്കുമെന്നും ഇവർ പറയുന്നു.
എന്തായാലും ബഹ്റൈനിലെ ഇന്ത്യക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മലയാളികളുടെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാറുള്ള സ്കൂൾ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ അവസാനിക്കാനുള്ള കാത്തിരിപ്പിലാണ് പൊതുസമൂഹം.

