പ്രതിസന്ധിയിലായ ബിസിനസുകൾക്ക് ആശ്വാസവായ്പയും തിരിച്ചടവ് ഇളവുകളും: നിർദ്ദേശത്തിന് പാർലമെന്റിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിൽപ്പനയിലെ ഇടിവും നേരിടുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും ആശ്വാസമായി കുറഞ്ഞ പലിശ നിരക്കിലുള്ള അടിയന്തര വായ്പകളും തിരിച്ചടവുകളിൽ ഇളവുകളും നൽകാനുള്ള നിർദ്ദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. എംപി അബ്ദുൽവാഹിദ് ഖരാത്തയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാർ സമർപ്പിച്ച അടിയന്തര പ്രമേയമാണ് പാർലമെന്റ് പാസാക്കിയത്.
മേഖലയിലുണ്ടായ സുരക്ഷാ സംഘർഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിപണിയിലെ ചെലവഴിക്കലിനെയും ആവശ്യകതയെയും സാരമായി ബാധിച്ചതായി അബ്ദുൽവാഹിദ് ഖരാത്ത വ്യക്തമാക്കി. ഇത് പല സ്ഥാപനങ്ങളുടെയും ദൈനംദിന നടത്തിപ്പിനെയും ജീവനക്കാരുടെ ശമ്പളം, വാടക, സപ്ലയർമാർക്കുള്ള കുടിശ്ശിക, ബാങ്ക് ഗഡുക്കൾ എന്നിവ നൽകുന്നതിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിപണിയിലെ പ്രതിസന്ധി ബാധിച്ച ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കാണ് (SMEs) ധനസഹായ പദ്ധതിയിൽ മുൻഗണന നൽകുന്നത്.
കുറഞ്ഞ പലിശ നിരക്കിലുള്ള അടിയന്തര വായ്പകളും തിരിച്ചടവിനായി ദീർഘകാല കാലാവധിയും അനുവദിക്കുക, പലിശ നിരക്കുകൾ കുറയ്ക്കാനോ അതിൽ ഒരു പങ്ക് സർക്കാർ വഹിക്കാനോ നടപടിയെടുക്കുക, കടുത്ത പ്രതിസന്ധി നേരിടുന്ന ബിസിനസുകളുടെ ബാങ്ക് വായ്പാ തിരിച്ചടവുകൾ താൽക്കാലികമായി മരവിപ്പിക്കുകയോ (Freeze) തുക തിരിച്ചടയ്ക്കാൻ കൂടുതൽ സാവകാശം നൽകുകയോ ചെയ്യുക, സർക്കാർ ഫീസുകളിലും അനുബന്ധ അടവുകളിലും താത്കാലിക ഇളവുകളോ സാവകാശമോ അനുവദിക്കുക, വായ്പാ നടപടിക്രമങ്ങൾ ലളിതമാക്കാനും വേഗത്തിൽ ധനസഹായം ലഭ്യമാക്കാനും ബാങ്കുകളോട് ആവശ്യപ്പെടുക തുടങ്ങിയവയാണ് നിർദേശിച്ചിരിക്കുന്നത്.
പ്രതിസന്ധിയിലായ ബിസിനസുകൾ പൂട്ടിപ്പോകുന്നതും തൊഴിൽ നഷ്ടമുണ്ടാകുന്നതും തടഞ്ഞ് രാജ്യത്തെ സ്വകാര്യ മേഖലയെ വീണ്ടെടുക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് എംപിമാർ പ്രത്യാശ പ്രകടിപ്പിച്ചു.
adsdsdsdsds

