വിദേശ നിക്ഷേപകരുടെ സിആറുകൾക്ക് കർശന നിയന്ത്രണം വേണം: എംപി ജലാൽ കാസിം അൽ മഹ്ഫൂദ്


പ്രദീപ് പുറവങ്കര

മനാമ: വിദേശ നിക്ഷേപകർക്ക് നൽകുന്ന സിആറുകൾക്കും ബിസിനസ് ലൈസൻസുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ എംപി ജലാൽ കാസിം അൽ മഹ്ഫൂദ്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള അനിയന്ത്രിതമായ മത്സരം സ്വദേശി സംരംഭകരെയും സ്വദേശികളുടെ ജീവനമാർഗ്ഗത്തെയും പ്രത്യാഘാതങ്ങളിലേക്ക് തള്ളിയിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിലുള്ള സിആറുകളുടെ കീഴിൽ അധിക ബ്രാഞ്ചുകൾ ആരംഭിക്കുന്നതിന്റെ സാമ്പത്തിക സാധുത പരിശോധിക്കണമെന്നും വിദേശ നിക്ഷേപകർ കൂടുതലായി എത്തുന്ന ബിസിനസ് മേഖലകളിൽ കൃത്യമായ നിരീക്ഷണം വേണമെന്നും അദ്ദേഹം അധികാരികളോട് അഭ്യർത്ഥിച്ചു. ബഹ്‌റൈൻ എക്കണോമിക് വിഷൻ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക ഉദാരവൽക്കരണത്തോടൊപ്പം തന്നെ പ്രാദേശിക ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ നിക്ഷേപങ്ങളെ ഇൻഡസ്ട്രിയൽ, ടൂറിസം മേഖലകളിലേക്കും നിശ്ചിത വാണിജ്യ മേഖലകളിലേക്കും തിരിച്ചുവിടണമെന്നും എംപി ആവശ്യപ്പെട്ടു.

യഥാർത്ഥ ബിസിനസ് ആവശ്യങ്ങളില്ലാതെ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനായി സിആറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. വർക്ക് വിസ നടപടിക്രമങ്ങളിലെ വീഴ്ചകൾ അടിയന്തരമായി പരിശോധിക്കണമെന്നും, ഡസൻകണക്കിന് തൊഴിലാളികൾ സുരക്ഷിതമല്ലാത്തതും ജീർണ്ണിച്ചതുമായ കെട്ടിടങ്ങളിൽ താമസിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്ലംബിംഗ്, ഇലക്ട്രിക്കൽ, കാർപെന്ററി, വെൽഡിംഗ്, വർക്ക്ഷോപ്പ് തുടങ്ങിയ സാങ്കേതിക മേഖലകളിൽ വിദേശ നിക്ഷേപകരിൽ നിന്നുള്ള മത്സരം സ്വദേശികളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരമ്പരാഗത മേഖലകളിലെ നിക്ഷേപങ്ങൾ പ്രാദേശിക തൊഴിലവസരങ്ങളെ തകരാറിലാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സമഗ്രമായ പരിശോധന നടത്തണമെന്നും അൽ മഹ്ഫൂദ് ആവശ്യപ്പെട്ടു.

article-image

asdasadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed