അഴിമതി മൂലം ഫണ്ടുകൾ നഷ്ടമാകുന്നു : എൻ.എ.ഒ
മനാമ : വിവിധ ഡിപ്പാർട്മെന്റുകളിലെ അഴിമതികൾ മൂലം രാജ്യത്ത് ദശലക്ഷക്കണക്കിന് പൊതു ഫണ്ടുകൾ പാഴായതായി അടുത്തിടെ പുറത്തുവന്ന ഔദ്യോഗിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016−17 വർഷത്തെ ദേശീയ ഓഡിറ്റ് ഓഫീസ് (എൻ.എ.ഒ) വാർഷിക റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകൾ ഉള്ളത്. മന്ത്രിമാർ, ജനറൽ ഡയറക്ടറേറ്റ്സ്, അധികാരികൾ എന്നിവർ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി. അധികാര ദുർവിനിയോഗം, പൊതു ഫണ്ടുകൾ നഷ്ടമാക്കൽ തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് എൻ.എ.ഒ കണ്ടെത്തിയത്.
എൻ.എ.ഒ ലോ ആർട്ടിക്കിൾ 19 പ്രകാരം എൻ.എ.ഒ പ്രസിഡണ്ട് ഹസ്സൻ ബിൻ ഖലീഫ അൽ ജലാഹ്മ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന് കഴിഞ്ഞ ചൊവ്വാഴ്ച്ച റിപ്പോർട്ട് സമർപ്പിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് റിപ്പോർട്ട് കൈമാറിയത്. തിങ്കളാഴ്ച കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ നടന്ന ക്യാബിനറ്റ് സെഷനിൽ എൻ.എ.ഒ റിപ്പോർട്ട് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കൈമാറാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

