തെരേസ മേയെ വധിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി ബ്രിട്ടീഷ് സേന തകർത്തു
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ വധിക്കാനുള്ള തീവ്രവാദികളുടെ ശ്രമം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം തകർത്തതായി റിപ്പോർട്ട്. 10, ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചു ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതി.
യു.കെ മാധ്യമമായ സ്കൈ ന്യൂസാണു പദ്ധതി തകർത്തെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതിയിൽ ഹാജരാക്കുമെന്നും സ്കൈ ന്യൂസ് പറയുന്നു. ആക്രമണ പദ്ധതിയെ കുറിച്ച് വിവരങ്ങൾ പുറത്തുവന്നതോടെ തെരേസ മേയ്ക്ക് വൻസുരക്ഷയും ഏർപ്പെടുത്തി.
ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ടു രണ്ടുപേരെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വടക്കൻ ലണ്ടനിൽ നിന്ന് നൈമുർ സഖറിയാ റഹ്മാൻ (20), തെക്കു കിഴക്കൻ ബിർമിങ്ഹാമിൽനിന്ന് മുഹമ്മദ് അഖിബ് ഇമ്രാൻ (21) എന്നിവരാണ് അറസ്റ്റിലായത്.
ഈ വർഷം രാജ്യത്ത് ഉണ്ടാകുമായിരുന്ന നിരവധിഭീകരാക്രമണ പദ്ധതികൾ ബ്രിട്ടീഷ് പോലീസ് തകർത്തിരുന്നു. സ്കോട്ട്ലൻഡ് യാർഡ്, എംഐ 5, വെസ്റ്റ് മിഡ്‌ലാൻഡ് പൊലീസ് എന്നിവർ സംയുക്തമായാണു നീക്കങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷം ഒന്പതു ഭീകരാക്രമണങ്ങളാണു തകർത്തതെന്നു ചൊവ്വാഴ്ച എം.ഐ 5 വെളിപ്പെടുത്തിയിരുന്നു.

