ക്യാൻസർ കെയർ ഗ്രൂപ്പ് ‘ചാരിറ്റി ഗാലാ ഡിന്നർ’ നടത്തുന്നു
മനാമ : ബഹ്റൈൻ ക്യാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത ക്യാൻസർ കെയർ ഗ്രൂപ്പ്, ക്യാൻസർ രോഗികൾക്ക് ചികിത്സക്കുള്ള ധനസമാഹരണരണത്തിനായി ഡിസംബർ 13 ബുധനാഴ്ച വൈകീട്ട് ആറ് മണി മുതൽ ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹ്റൈൻ ബിസിനസ് സെന്ററിൽ ചാരിറ്റി ഡിന്നർ നടത്തുന്നു. ബഹ്റൈൻ ആരോഗ്യ മന്ത്രി ഫൈക്കാ സയ്ദ് അൽ സലേഹിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രസ്തുത പരിപാടിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും ബഹ്റൈൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറുന്നതാണെന്ന് ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. പി.വി ചെറിയാൻ, ബാങ്കോക്ക് റെസ്റ്റോറന്റിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനായി മുഖ്യാതിഥിയായും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന പരിപാടിയിൽ 14 ഭാഷകളിൽ പാടുന്ന ചാൾസ് ആന്റണിയുടെ സംഗീതവും ഉണ്ടായിരിക്കും. സമൂഹത്തിലെ വിവിധ തുറകളിൽ ഉള്ളവരുടെ സാന്നിധ്യവും സഹകരണവും ഈയൊരു നല്ല ഉദ്യമത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രൂപ്പ് ഭാരവാഹികൾ പറഞ്ഞു. ബഹ്റൈനിലെ അറിയപ്പെടുന്ന ചിത്രകാരൻമാരുടെ പെയിന്റിംഗുകൾ ലേലം ചെയ്ത് ലഭിക്കുന്ന തുകയും ബഹ്റൈൻ ക്യാൻസർ സൊസൈറ്റിക്ക് നൽകുന്നതാണ്.
ക്യാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി സലിം, ട്രഷറർ സുധീർ തിരുനിലത്ത്, ഹോസ്പിറ്റൽ വിസിറ്റ് കൺവീനർ ജോർജ് കെ. മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പർ എം.കെ ബഷീർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കടുത്തു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി 3347800, 33750999, 39461746, 39093409 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

