കരോൾ സംഘങ്ങൾ സജീവമായി : ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി
മനാമ : ക്രിസ്തുമസ്സിന്റെ വരവറിയിച്ച് ബഹ്‌റൈനിൽ ആഘോഷങ്ങൾക്കു തുടക്കമായി. ഇതോടെ വിവിധ ക്രിസ്റ്റ്യൻ ദേവാലയങ്ങളുടേയും സംഘടനകളുടേയും ആഭിമുഖ്യത്തിൽ കരോൾ സംഘങ്ങളും സജീവമായി. വിശ്വാസികളുടെ ഭവനങ്ങളിൽ കൂടാതെ പ്രവാസികളായ നിരവധി പേരുടെ വീടുകളിലും നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഹോട്ടലുകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്തുമസ് ട്രീ ലൈറ്റിംഗ് ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ബഹ്‌റൈനിലെ ദേവാലയങ്ങളിൽ നിന്നുള്ള കരോൾ സംഘങ്ങൾ വീട് വീടാന്തരം കയറിയിറങ്ങി ക്രിസ്തുമസ് രാവുകളെ സജീവമാക്കുന്നു. പ്രവാസ ലോകത്തെ പ്രത്യേക സാഹചര്യത്തിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ മാത്രമാണ് കരോൾ സംഘങ്ങൾ സന്ദർശനം നടത്തുന്നത്. ഡിസംബർ ഒന്ന് മുതൽ തന്നെ ബഹ്‌റൈനിലെ കരോൾ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ പര്യടനം ആരംഭിച്ചു. ഇടവകയുടെ ക്രിസ്തുമസ് പ്രോഗ്രാം ഡിസംബർ 29ന് നടക്കും.
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ 14 ഏരിയകളിലും കരോളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ദേവാലയത്തിൽ നിന്ന് ഏറ്റവും ദൂരെയുള്ള ഏരിയ ആയ റിഫാ സിത്ര ഏരിയയിൽ നിന്നാണ് കരോൾ സംഘങ്ങൾ പര്യടനം ആരംഭിച്ചത്. ഇവിടെയുള്ള നിരവധി വിശ്വാസികളുടെ വീടുകളിൽ സംഘം സന്ദർശനം നടത്തി.
ബഹ്റൈൻ സെന്റ് പോൾസ് മർത്തോമ്മ പാരീഷിൽ കരോൾ സംഘങ്ങൾ ഇറങ്ങി. ഇടവകയുടെ ക്രിസ്തുമസ് പ്രോഗ്രാം ഡിസംബർ 22ന് 5 മണിക്ക് പള്ളിയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയിൽ കരോൾ സംഘങ്ങൾ ഇറങ്ങി. ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ 15 മുതൽ ക്രിസ്തുമസ് കരോളും 29ന് രാവിലെ വിശുദ്ധ കുർബ്ബാനയോട് കൂടി ക്രിസ്തുമസ് ന്യൂഈയർ പ്രോഗ്രാമും നടക്കും. ബഹ്റൈൻ മലയാളി സി.എസ്സ്.ഐ ദേവാലയത്തിൽ 16ന് വൈകിട്ട് 6.30 മുതൽ ക്രിസ്തുമസ് പ്രോഗ്രാമും 17 മുതൽ കരോൾ സംഘങ്ങളും ഇറങ്ങും. ബഹ്റൈൻ മാർത്തോമ്മ പാരീഷിൽ 14 ഏരിയകളിലായി കരോൾ സംഘം ഇറങ്ങി. 22ന് വൈകിട്ട് 5.30ന് സനദ് മർത്തോമ്മ കോംപ്ലക്സിൽ വെച്ച് ക്രിസ്തുമസ് പ്രോഗ്രാം നടക്കും. ബഹ്റൈൻ മലയാളി സി.എസ്സ്.ഐ സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിൽ 7ന് കരോൾ ഇറങ്ങുകയും 28ന് വൈകിട്ട് 7.30 ബാങ്കോക്ക് ഹാളിൽ വെച്ച് ക്രിസ്തുമസ് പ്രോഗ്രാം നടക്കുകയും ചെയ്യും. ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ ജനുവരി ഒന്നിന് ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ വെച്ച് മുൻ വർഷങ്ങളിലെ പോലെ ക്രിസ്തുമസ് ന്യൂഈയർ പ്രോഗ്രാം നടക്കും എന്ന്‍ പ്രസിഡണ്ട് റവ. ജോർജ്ജ് യോഹന്നാൻ അറിയിച്ചു.
തെരുവുകളിൽ രാത്രി ഇറങ്ങുന്ന സംഘങ്ങൾ മധുര പലഹാരങ്ങളും ചോക്ലേറ്റുകളും വിതരണം ചെയ്യുന്നുണ്ട്. സ്വദേശികൾ കൗതുകപൂർവ്വം കരോളിനെ നോക്കി നിൽക്കുകയും സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നുണ്ട്. എല്ലാ ദേവാലയങ്ങളിലും ഡിസംബർ 24 ന് വൈകിട്ട് ജനനപ്പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷയും നടക്കും.

