ബഹ്‌റിനിൽ തൊഴിലുടമയെ തൊഴിലാളി കുത്തിക്കൊന്നു
മനാമ : ബഹ്റിനിൽ ജോലി ചെയ്യുന്ന ഇന്ത്യകാരനായ തൊഴിലാളിയുടെ കുത്തേറ്റ് ബഹ്റിൻ സ്വദേശിയായ തൊഴിലുടമ മരിച്ചു. ഇന്ന് രാവിലെ 10.30ഓടെ ആലിയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു കാർപ്പെന്ററി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയാണ് തൊഴിലുടമയെ കുത്തി കൊന്നത്. കുത്തേറ്റ തൊഴിലുടമ തൽക്ഷണം മരിച്ചു. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് സ്‌ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ പ്രതിയ്ക്ക് തൊഴിലുടമയുമായുള്ള പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതി ജോലിയ്‌ക്കെത്തിയ ശേഷം രണ്ടാഴ്ച ആയപ്പോഴേക്കും ലീവ് ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ തൊഴിലുടമ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം.
തൊഴിലുടമയുടെ മുഖത്താണ് പ്രതി ആദ്യം കുത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിലത്ത് വീണ തൊഴിലുടമയുടെ പുറത്ത് കയറിയിരുന്നു നിരവധി തവണ കത്തി കൊണ്ട് കുത്തി. സംഭവം കണ്ട ഓടിക്കൂടിയവരിൽ പലരും ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അക്രമാസക്തനായി നിന്നിരുന്ന പ്രതിയെ പിന്നീട് ഒരാൾ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തുകയായിരുന്നു. ഇതിനിടയിൽ പ്രതി മറ്റൊരാളെയും കുത്താൻ ശ്രമിച്ചിരുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു.

