പൊതുസ്ഥലങ്ങളിലും ഖബറിസ്ഥാനുകളിലും കോൺക്രീറ്റ് സീറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ച് മനാമ ക്യാപിറ്റൽ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ: പൊതു പാർക്കുകൾ, നടപ്പാതകൾ, ഖബറിസ്ഥാനുകൾ എന്നിവിടങ്ങളിൽ വിശ്രമിക്കാൻ പ്ലാസ്റ്റിക് കസേരകൾ സ്വന്തമായി ചുമന്നുകൊണ്ടുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമാകുന്നു. പൊതു ഇടങ്ങളിൽ ആധുനിക രീതിയിലുള്ള കോൺക്രീറ്റ് ഇരിപ്പിടങ്ങൾ ഒരുക്കുന്നതിനുള്ള നിർദ്ദേശത്തിന് മനാമ ക്യാപിറ്റൽ കൗൺസിൽ ഐക്യകണ്ഠേന അംഗീകാരം നൽകിയതോടെയാണ് ഈ സൗകര്യം നടപ്പിലാകാൻ പോകുന്നത്.

ഖബറിടങ്ങൾ സന്ദർശിക്കാനും പ്രാർത്ഥനകൾക്കുമായി എത്തുന്നവർ പ്ലാസ്റ്റിക്, മടക്കാവുന്ന കസേരകൾ ചുമന്നുകൊണ്ടുപോകേണ്ടി വരുന്നുവെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബോർഡ് ചെയർമാൻ സാലിഹ് തറാദ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് വിശ്രമിക്കാൻ സ്ഥിരമായ ഇരിപ്പിടങ്ങൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സർവീസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് തൗഫീഖ് അൽ അബ്ബാസ് സമർപ്പിച്ച നിർദ്ദേശത്തിനാണ് ബോർഡ് അംഗീകാരം നൽകിയത്. ഖബറിസ്ഥാനുകൾക്ക് പുറമെ പാർക്കുകൾ, വാക്ക് വേകൾ, വാട്ടർഫ്രണ്ടുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ആവശ്യാനുസരണം ഇത്തരം സ്ഥിരമായ കോൺക്രീറ്റ് ഇരിപ്പടങ്ങൾ സ്ഥാപിക്കും.

ക്യപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി വഴി വ്യക്തമായ മാനദണ്ഡങ്ങളോടെയാകും സീറ്റുകൾ അനുവദിക്കുക. വ്യക്തികൾക്കോ സന്നദ്ധ സംഘടനകൾക്കോ സീറ്റുകൾ ആവശ്യപ്പെട്ട് അപേക്ഷിക്കാം. അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അത്യാവശ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇവ അനുവദിക്കുക. അനുവദിക്കുന്ന സീറ്റുകൾ ഡിജിറ്റലായി രേഖപ്പെടുത്തുകയും തുടർച്ചയായി സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്യും. ഇവ ദുരുപയോഗം ചെയ്യാനോ അനുമതിയില്ലാതെ മാറ്റാനോ വിൽക്കാനോ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.

പദ്ധതിയുടെ അന്തിമ അനുമതിക്കായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാഇൽ അൽ മുബാറക്കിന് സമർപ്പിച്ചിട്ടുണ്ട്.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed