വയലിൻ വിസ്മയം തീർക്കാൻ ഗംഗ ശശിധരൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ; സംഗീതാവതരണം സെപ്റ്റംബർ 10-ന്


പ്രദീപ് പുറവങ്കര
മനാമ: കർണാടക സംഗീതത്തിന്റെ മാധുര്യവും വയലിന്റെ വിസ്മയനാദവും കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ യുവ വയലിൻ പ്രതിഭ ഗംഗ ശശിധരൻ ബഹ്‌റൈനിലെ സംഗീതപ്രേമികൾക്കായി പ്രത്യേക സംഗീതാവതരണവുമായി എത്തുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം 2026'-ന്റെ ഭാഗമായി സെപ്റ്റംബർ 10, വ്യാഴാഴ്ച വൈകിട്ട് 7.30-ന് സമാജം വേദിയിലാണ് ഗംഗയുടെ വയലിൻ പ്രകടനം അരങ്ങേറുന്നത്.

നാലര വയസ്സിൽ വയലിൻ പഠനം ആരംഭിച്ച ഗംഗ ചെറുപ്രായത്തിൽ തന്നെ കർണാടക സംഗീതരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറി. 2023-ൽ ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തിയ പ്രകടനത്തിലൂടെ ശ്രദ്ധനേടിയ ഗംഗ, ഇന്ത്യയിലും വിദേശത്തുമായി ഇരുന്നൂറിലധികം ശാസ്ത്രീയ സംഗീത കച്ചേരികളിൽ വയലിൻ വായിച്ചിട്ടുണ്ട്.

പരമ്പരാഗത കർണാടക സംഗീത കൃതികൾക്ക് പുറമെ സിനിമാഗാനങ്ങളുടെ മെഡ്‌ലികളും ഫ്യൂഷൻ സംഗീതവും അനായാസം അവതരിപ്പിക്കുന്നതാണ് ഗംഗയുടെ ശൈലി. പ്രശസ്ത വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്റെ (ഗണേഷ്-കുമരേഷ് ജോടി) ശിക്ഷണത്തിലാണ് നിലവിൽ ഉന്നത പഠനം നടത്തുന്നത്.

പ്രശസ്തമായ 'ശൺമുഖാനന്ദ ഭാരത് രത്ന ഡോ. എം. എസ്. സുബ്ബുലക്ഷ്മി ഫെല്ലോഷിപ്പ് (2024–2026)' കരസ്ഥമാക്കിയ ഗംഗ, പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൗരസ്യയിൽ നിന്നാണ് ഈ അംഗീകാരം ഏറ്റുവാങ്ങിയത്. ഈ കാലയളവിൽ ഫെല്ലോഷിപ്പ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയും കേരളത്തിൽ നിന്നുള്ള ഏക പ്രതിഭയും കൂടിയാണ് ഗംഗ.

സെപ്റ്റംബർ 10-ന് സമാജത്തിൽ നടക്കുന്ന വയലിൻ അവതരണം സംഗീതാസ്വാദകർക്ക് അപൂർവ്വ അനുഭവമായിരിക്കുമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു. പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

article-image

ewwtt

You might also like

  • Lulu Exchange
  • Straight Forward

Most Viewed