21,800 ദിനാറിന്റെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: സിറിയൻ സഹോദരിമാരുടെ നാല് വർഷത്തെ തടവുശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: വിനോദസഞ്ചാരികളെന്ന വ്യാജേന ബഹ്‌റൈനിലെത്തി വിദേശത്തുള്ള തട്ടിപ്പുകാരനെ 21,800-ലധികം ബഹ്‌റൈനി ദിനാർ വെളുപ്പിക്കാൻ സഹായിച്ച രണ്ട് സിറിയൻ സഹോദരിമാരുടെ നാല് വർഷത്തെ തടവുശിക്ഷ ബഹ്‌റൈനിലെ പരമോന്നത നീതിപീഠമായ കാസേഷൻ കോടതി ശരിവെച്ചു. ജോർദാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച തട്ടിപ്പുകാരന് വേണ്ടി, മോഷണം പോയ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയ 31,000-ത്തിലധികം ദിനാർ വിലമതിക്കുന്ന 77 ഇലക്ട്രോണിക് ഉപകരണങ്ങൾ കൈപ്പറ്റിയ കേസിലാണ് നടപടി.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും പ്രതികളുടെ ആസ്തിയിൽ നിന്ന് 21,847 ബഹ്‌റൈനി ദിനാർ കണ്ടുകെട്ടാനുമുള്ള ഉത്തരവും കാസേഷൻ കോടതി ശരിവെച്ചു. കേസിലെ പ്രധാന പ്രതിയായ 26-കാരനായ ജോർദാനിയൻ പൗരന് ഹൈ ക്രിമിനൽ കോടതി നേരത്തെ ആറ് വർഷത്തെ തടവും ഒരു ലക്ഷം ദിനാർ പിഴയും വിധിച്ചിരുന്നു.
ജോർദാൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വ്യാജ എ.ടി.എം കാർഡ് വിവരങ്ങൾ ഉപയോഗിച്ചാണ് ഇയാൾ മോഷണം നടത്തിയത്. പ്രമുഖ റീട്ടെയിൽ സ്ഥാപനത്തിൽ നിന്ന് ഓൺലൈൻ വഴി മൊബൈൽ ഫോണുകൾ വാങ്ങി സഹോദരിമാരുടെ വിലാസത്തിൽ എത്തിക്കുകയായിരുന്നു. ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ സഹോദരിമാർ ഈ ഫോണുകൾ മറിച്ചുവിറ്റ് തുകയുടെ ഒരു ഭാഗം ഇയാൾക്ക് അയച്ചുകൊടുത്തു. ടൂറിസ്റ്റ് വിസയിലായതിനാൽ പണം കൈമാറാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ച് മറ്റ് സാധാരണക്കാരെ ഉപയോഗിച്ചാണ് പണം വിദേശത്തേക്ക് കടത്തിയത്.
റീട്ടെയിൽ സ്ഥാപനത്തിന്റെ പേയ്‌മെന്റ് സേവനദാതാക്കളായ 'ഈസി പേ'ക്ക് സൗദി അറേബ്യയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് മുഴുവൻ ഉപകരണങ്ങളും സിറിയൻ സഹോദരിമാർക്കാണ് ഡെലിവറി ചെയ്തതെന്ന് കണ്ടെത്തിയത്. സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയെയും കാസേഷൻ കോടതിയെയും സമീപിച്ചെങ്കിലും സഹോദരിമാരുടെ ഹർജികൾ തള്ളപ്പെടുകയായിരുന്നു.

