ലഹരിമരുന്നിന് പണം നൽകിയില്ല; കുടുംബവീടിന് തീയിട്ടു: വിചാരണ നടപടികൾ സെപ്റ്റംബർ 14-ലേക്ക് മാറ്റി വെച്ചു ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ലഹരിമരുന്ന് ഉപയോഗത്തിന് പണം നൽകാത്തതിൻ്റെ വൈരാഗ്യത്തിൽ കുടുംബവീടിന് മനഃപൂർവം തീയിട്ട 23-കാരനായ വിദ്യാർത്ഥിയുടെ വിചാരണ നടപടികൾ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി സെപ്റ്റംബർ 14-ലേക്ക് മാറ്റി വെച്ചു. 2026 ഏപ്രിൽ 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനും തീപിടുത്തത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ തുക ക്ലിപ്തപ്പെടുത്തുന്നതിനുമാണ് കേസ് മാറ്റി വെച്ചത്.
പ്രതി സഹോദരിയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും, ലഹരിമരുന്ന് വാങ്ങാനാണ് തുക ഉപയോഗിക്കുന്നതെന്ന സംശയത്താൽ അവർ പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പിന്നീട് താൻ വീടിന് തീയിട്ടതായി കുടുംബത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയക്കുകയും ചെയ്തുവെന്ന് സഹോദരി മൊഴി നൽകി.
പ്രതിയുടെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. പരിശോധനയിൽ തീ മനഃപൂർവം കൊളുത്തിയതാണെന്ന് വ്യക്തമായി. അപകടത്തിൽ ഒരു മുറി പൂർണ്ണമായും കത്തിയമരുകയും മറ്റ് നാല് മുറികൾക്ക് പുകമൂലം കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ പ്രതി താൻ ചെയ്ത കുറ്റം സമ്മതിച്ചിട്ടുണ്ട്.
dsfsdf

