റസ്റ്റോറന്റുകൾക്ക് മുന്നിലെ അനധികൃത പാർക്കിങ്: ഭക്ഷണം നൽകുന്നത് തടയാൻ നിർദ്ദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ


പ്രദീപ് പുറവങ്കര

മുഹറഖ്: റസ്റ്റോറന്റുകൾക്കും കഫേകൾക്കും മുന്നിൽ റോഡിൽ നിരയായി വാഹനം നിർത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കുന്ന ഡ്രൈവർമാർക്ക് ഭക്ഷണവും പാനീയങ്ങളും നൽകുന്നത് നിഷേധിക്കണമെന്ന നിർദ്ദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. രാത്രികാലങ്ങളിൽ മുഹറഖിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

വാഹനങ്ങളിൽ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്ന ചായക്കടകൾ, ഗ്രിൽ ഹൗസുകൾ, റസ്റ്റോറന്റുകൾ എന്നിവയെയാണ് ഈ നിർദ്ദേശം പ്രധാനമായും ലക്ഷ്യമിടുന്നത്. റോഡിൽ തെറ്റായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് സാധനങ്ങൾ നൽകുന്നത് ബിസിനസ് സ്ഥാപനങ്ങൾ നിർത്തലാക്കണമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ സ്വാലിഹ് ബുഹസ്സ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിൽ സ്ഥാപനങ്ങൾക്കും പങ്കുണ്ടെന്നും നിയമലംഘകർക്ക് സേവനം നൽകുന്നത് തുടരുന്ന സ്ഥാപനങ്ങൾ പിഴയോ ലൈസൻസ് നടപടികളോ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സൂര്യാസ്തമയം മുതൽ പുലർച്ചെ വരെ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തെറ്റായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്ന ആർക്കും സേവനം നൽകരുത് എന്ന തീരുമാനം വരണമെന്ന് ബുഹസ്സ വ്യക്തമാക്കി. ഗൾഫിലെ മറ്റ് രാജ്യങ്ങളിൽ ഇത്തരത്തിലുള്ള നടപടികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും, ട്രാഫിക് പട്രോളിംഗിനെ മാത്രം ആശ്രയിക്കാതെ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തം നൽകുന്ന ഈ രീതി ബഹ്‌റൈനും സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റസ്റ്റോറന്റുകൾക്ക് മുന്നിലെ അനധികൃത പാർക്കിങ് രൂക്ഷമായ ഗലാലിയിലെ ബ്ലോക്ക് 254-ൽ ഫ്ലെക്സിബിൾ പ്ലാസ്റ്റിക് ട്രാഫിക് പോസ്റ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം കൗൺസിൽ വീണ്ടും ഉന്നയിച്ചു. ഗലാലി അവന്യൂവിൽ വാഹനങ്ങൾ തെറ്റായ രീതിയിൽ പാർക്ക് ചെയ്യുന്നത് ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച തടസ്സപ്പെടുത്തുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കൗൺസിലർ ദലാൽ അൽ മഖാവി പറഞ്ഞു. പ്രദേശവാസികൾ നിരന്തരമായ ഗതാഗതക്കുരുക്കിനെയും ശബ്ദമലിനീകരണത്തെയും കുറിച്ച് പരാതിപ്പെടുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

എന്നാൽ പ്ലാസ്റ്റിക് ബോലാർഡുകൾ സ്ഥാപിക്കുന്നത് അനധികൃത പാർക്കിങ്ങിന് ശാശ്വത പരിഹാരമാകില്ലെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് പകരമായി പ്രദേശത്ത് വ്യത്യസ്ത സമയങ്ങളിൽ നിരീക്ഷണം നടത്താനും നിയമലംഘനങ്ങൾ രേഖപ്പെടുത്താനും ട്രാഫിക് പട്രോൾ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സമാനമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന മറ്റ് പ്രദേശങ്ങൾ കൂടി കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഹറഖ് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ആവശ്യപ്പെട്ടു.

article-image

g

You might also like

  • Lulu Exchange
  • Straight Forward

Most Viewed