അപൂർവ്വ മരങ്ങളെ സംരക്ഷിക്കാൻ ബഹ്റൈനിൽ പുതിയ പദ്ധതി: എല്ലാ മരങ്ങൾക്കും ഡിജിറ്റൽ നമ്പറും തിരിച്ചറിയൽ രേഖയും


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ അപൂർവ്വവും പഴക്കമേറിയതുമായ മരങ്ങൾ വികസന പദ്ധതികൾക്കായും ഭവന നിർമ്മാണങ്ങൾക്കായും അനാവശ്യമായി മുറിച്ചുമാറ്റുന്നത് തടയുന്നതിനായി സമഗ്രമായ സംരക്ഷണ പദ്ധതി വരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ മരങ്ങൾ അക്കമിട്ട് രേഖപ്പെടുത്താനും അവയുടെ പരിപാലനം നിരീക്ഷിക്കാനുമായി നിയമപരവും ഭരണപരവുമായ സംവിധാനം വേണമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർപേഴ്സൺ സൈന ജാസിം ആവശ്യപ്പെട്ടു.

മരങ്ങൾ വിലയിരുത്തുന്നതിനും അവ മാറ്റിസ്ഥാപിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിക്കണമെന്നും അവരുടെ നിർദ്ദേശത്തിലുണ്ട്. പഴക്കമേറിയതും അപൂർവ്വവുമായ മരങ്ങൾക്ക് മികച്ച പാരിസ്ഥിതിക, സാമൂഹിക, ചരിത്രപരമായ മൂല്യമുണ്ടെന്നും അവ തലമുറകളുടെ ഓർമ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സൈന ജാസിം പറഞ്ഞു.

ഈ പദ്ധതി പ്രകാരം ഓരോ മരത്തിനും പ്രത്യേക നമ്പറും തിരിച്ചറിയൽ രേഖയും നൽകും. മരത്തിന്റെ ഇനം, വലിപ്പം, പ്രായം, സ്ഥാനം എന്നിവയും ഇതിൽ രേഖപ്പെടുത്തും. വികസന പദ്ധതികൾ വരുന്ന സ്ഥലങ്ങളിൽ നിന്ന് മരങ്ങൾ ആവശ്യമെങ്കിൽ സുരക്ഷിതമായി മാറ്റിസ്ഥാപിക്കാനും ഇത് സഹായിക്കും.

പദ്ധതി നടപ്പിലാകുന്നതോടെ മരങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താനും അവയുടെ ആരോഗ്യം പരിശോധിക്കാനും സാധിക്കും. ഗാഫ്, സിദർ, ടാമറിസ്‌ക്, ഗ്രേ മൻഗ്രോവ് തുടങ്ങിയ അപൂർവ്വ മരങ്ങളാണ് ബഹ്റൈനിലുള്ളത്. സാഖിറിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള 'ട്രീ ഓഫ് ലൈഫ്' ഇതിനൊരു ഉദാഹരണമാണ്.

രാജ്യത്തുടനീളമുള്ള മരങ്ങൾ നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനം കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും പരിസരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി നിർമ്മാണ പെർമിറ്റുകളിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് സൈന ജാസിം നിർദ്ദേശിച്ചിരുന്നു.

article-image

ssdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed