ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്: പ്രതിക്ക് ബഹ്റൈനിൽ മൂന്ന് വർഷം തടവുശിക്ഷ
പ്രദീപ് പുറവങ്കര
മനാമ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സർജന്റിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷത്തെ തടവുശിക്ഷ. 2026 ഫെബ്രുവരി 17-ന് ഹുറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംശയാസ്പദമായ സാഹചര്യത്തിൽ അസാധാരണമായി പെരുമാറിയതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവെച്ചത്. തുടർന്ന് ഉദ്യോഗസ്ഥർക്ക് നേരെ ബഹളം വെക്കുകയും ചീത്തവിളിക്കുകയും ചെയ്ത പ്രതിയെ കൈവിലങ്ങണിയിച്ച് പട്രോൾ വാഹനത്തിൽ കയറ്റി. വാഹനത്തിലിരുന്ന് പ്രതി കാറിന്റെ ജനലിൽ ചവിട്ടാൻ തുടങ്ങിയതോടെ തടയാൻ ശ്രമിച്ച പോലീസ് സർജന്റിന് മർദ്ദനമേൽക്കുകയായിരുന്നു. പ്രതി ഉദ്യോഗസ്ഥന്റെ മുഖത്തും തോളിലും നെഞ്ചിലും മൂന്ന് തവണ ചവിട്ടുകയും, തുപ്പുകയും, അവഹേളിക്കുകയും ചെയ്തു.
പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തുന്നതിനിടെ അദ്ദേഹത്തിന്റെ ചെറുവിരലിന് പരിക്കേറ്റതായി ഫോറൻസിക് റിപ്പോർട്ടും സ്ഥിരീകരിച്ചു.
ഏപ്രിൽ 28-നാണ് പ്രതിയുടെ സാന്നിധ്യമില്ലാതെ കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്. തുടർന്ന് മെയ് 7-ന് പ്രതിയുടെ അഭിഭാഷകൻ വിധിക്കെതിരെ അപ്പീൽ നൽകി. കേസിൽ സെപ്റ്റംബർ 29-ന് അപ്പീൽ കോടതി അന്തിമ വിധി പ്രഖ്യാപിക്കും.

