ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ മാറ്റിവെച്ചു; എട്ടാമത് എഡിഷൻ 2028 നവംബറിൽ നടക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ എട്ടാമത് എഡിഷൻ 2028 നവംബറിലേക്ക് മാറ്റിവെച്ചതായി പരമോന്നത സംഘാടക സമിതി അറിയിച്ചു. ആഗോള വ്യോമയാന വ്യവസായ മേഖലയിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
സാഖിർ എയർബേസിൽ 2026 നവംബർ 18 മുതൽ 20 വരെ നടത്താൻ തീരുമാനിച്ചിരുന്ന പ്രദർശനം 2028 നവംബർ 15 മുതൽ 17 വരെയായിരിക്കും ഇനി നടക്കുക. തീയതി മാറ്റിയതിലൂടെ പ്രദർശകർക്കും സന്ദർശകർക്കും അന്താരാഷ്ട്ര പ്രതിനിധികൾക്കും എയർഷോയുടെ ഭാഗമാകാനും ബിസിനസ് വാണിജ്യ അവസരങ്ങൾ പ്രയോജനപ്പെടുത്താനും കൂടുതൽ മികച്ച അവസരം ലഭിക്കും.
അന്താരാഷ്ട്ര വ്യോമയാന സമൂഹത്തിലെ അംഗങ്ങളുമായും വിവിധ പങ്കാളികളുമായും സഹകരിച്ച് എട്ടാമത് എഡിഷനായുള്ള ഒരുക്കങ്ങൾ തുടരുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. ആഗോള പങ്കാളിത്തം ശക്തമാക്കുന്നതിനും പ്രമുഖ അന്താരാഷ്ട്ര പരിപാടികളുടെ കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും 2028-ലെ എഡിഷൻ സഹായിക്കും.
2010-ൽ ആരംഭിച്ച ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ, ചുരുങ്ങിയ കാലം കൊണ്ട് ആഗോള വ്യോമയാന കലണ്ടറിലെ ഏറ്റവും സുപ്രധാനമായ ഒരു പരിപാടിയായി വളർന്നിട്ടുണ്ട്.
sdfsdf

