നിരോധിത പുകയില ഉൽപ്പന്നമായ 'തംബാക്ക്' കടത്താൻ ശ്രമം: പ്രതിക്ക് തടവും കനത്ത പിഴയും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: കടൽമാർഗ്ഗം നിരോധിത പുകയില ഉൽപ്പന്നമായ 'തംബാക്ക്' ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് മാസം തടവും 37,856 ബഹ്‌റൈനി ദീനാർ പിഴയും വിധിച്ച് അഞ്ചാം ലോവർ ക്രിമിനൽ കോടതി. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
രാജ്യത്തെ പ്രധാന തുറമുഖം വഴി എത്തിയ ചരക്ക് കപ്പലിലെ സംശയസ്പദമായ ഷിപ്പ്‌മെന്റിൽ ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് വൻ തോതിലുള്ള തംബാക്ക് ശേഖരം കണ്ടെത്തിയത്. കോൺക്രീറ്റ് മിക്സിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്ന 2,912 കിലോഗ്രാം തംബാക്കാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കൾക്ക് വിപണിയിൽ 37,856 ബഹ്‌റൈനി ദീനാർ വിലമതിക്കുമെന്ന് ടാക്സ് ഇവേഷൻ ക്രൈംസ് യൂനിറ്റ് തലവൻ അറിയിച്ചു.
സംഭവത്തിൽ പബ്ലിക് പ്രൊസിക്യൂഷന്റെ ടാക്സ് ഇവേഷൻ ക്രൈംസ് യൂനിറ്റ് അന്വേഷണം ആരംഭിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ പിടിച്ചെടുത്തത് നിരോധിത പുകയില ഉൽപ്പന്നമായ തംബാക്ക് തന്നെയാണെന്ന് സയന്റിഫിക് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ചരക്കിന്റെ സി.ആർ (Commercial Registration) ഉടമയായ പ്രതി വ്യാജ രേഖകൾ സമർപ്പിച്ചാണ് നിരോധിത ഉൽപ്പന്നം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ക്ലിയറൻസ് ഏജന്റുമാരുടെയും സാക്ഷികളുടെയും മൊഴികളിൽ നിന്ന് വ്യക്തമായി. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
jhfhjfhj

