മയക്കുമരുന്നുമായി മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ; നടപടിയുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ലഹരിവസ്തുക്കൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് ഏഷ്യൻ വംശജരെ ആൻറി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലാണ് പ്രതികൾ പിടിയിലായത്. സമൂഹത്തെ മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടത്തുന്ന തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലുമാണ് 22 നും 24 നും ഇടയിൽ പ്രായമുള്ള പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത മയക്കുമരുന്ന് സാമഗ്രികൾ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇരു കേസുകളും പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങളുടെയും സമൂഹത്തിന്റെയും പങ്കാളിത്തവും ജാഗ്രതയും ഏറെ അനിവാര്യമാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.
sdfsdf

