ഹിമാലയൻ ഉയരത്തിൽ സിക്സറടിക്കാം! ലഡാക്കിൽ റെക്കോർഡ് ക്രിക്കറ്റ് സ്റ്റേഡിയം


ഷീബ വിജയൻ

ലേ: ലോക ക്രിക്കറ്റ് ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഇന്ത്യ ഒരുങ്ങുന്നു. ലഡാക്കിലെ തിക്‌സിയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നതായാണ് വിവരങ്ങൾ. 'രൺബിർപുർ ക്രിക്കറ്റ് സ്റ്റേഡിയം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 11,800 അടി (ഏകദേശം 3600 മീറ്റർ) ഉയരത്തിലാണ് പുത്തൻ സ്റ്റേഡിയം ഉയരുന്നത്.

സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ലഡാക്ക് ഭരണകൂടം ടെൻഡറുകൾ ക്ഷണിച്ചു കഴിഞ്ഞു. ഏകദേശം 100 കോടി മുതൽ 116 കോടി രൂപ വരെയാണ് പദ്ധതിയുടെ നിർമാണച്ചെലവായി കണക്കാക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്യുന്ന സ്റ്റേഡിയം പൂർത്തിയാകുന്നതോടെ മേഖലയിലെ കായിക വികസനത്തിനും ടൂറിസത്തിനും വൻ കുതിപ്പേകാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി ലഡാക്കിന് സ്വന്തമാകും. സമുദ്രനിരപ്പിൽ നിന്ന് 2,444 മീറ്റർ (8,018 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാചൽ പ്രദേശിലെ ചായിൽ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പേരിലുള്ള റെക്കോർഡാകും ഇതോടെ പഴങ്കഥയാകുക.

ലഡാക്കിലെ കടുത്ത കാലാവസ്ഥയെയും ഉയർന്ന പ്രദേശങ്ങളിലെ മറ്റ് വെല്ലുവിളികളെയും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേക എൻജിനീയറിങ് സാങ്കേതികവിദ്യകളോടെയാണ് സ്റ്റേഡിയം നിർമിക്കുന്നത്. വർഷം മുഴുവനും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലാകും രൂപകൽപന.

കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഹൈ ആൾറ്റിറ്റ്യൂഡ് ട്രെയിനിങ് ക്യാമ്പുകൾക്കും ആഭ്യന്തര ടൂർണമെന്റുകൾക്കും വേദിയൊരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ ഹിമാലയൻ മേഖലയിൽ സ്പോർട്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക കായിക താരങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി വഴിത്തിരിവാകും.

article-image

cxzxccxds

You might also like

  • Lulu Exchange
  • Straight Forward

Most Viewed