കുട്ടികൾക്ക് വേപ്പും പുകയില ഉൽപ്പന്നങ്ങളും വിറ്റാൽ 1,000 ദീനാർ പിഴ; ആവർത്തിച്ചാൽ കടകൾ പൂട്ടി മുദ്രവെക്കും: കർശന നിയമവുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: കുറഞ്ഞ വിലയിൽ വേപ്പ് പാഡുകൾ റീഫിൽ ചെയ്തു നൽകുന്ന സ്ഥാപനങ്ങൾക്കും കുട്ടികൾക്ക് പുകയില-വേപ്പിംഗ് ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കുമെതിരെ നടപടികൾ കടുപ്പിക്കാൻ ബഹ്‌റൈൻ സർക്കാർ. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പുതിയ നിയമപ്രകാരം കുറ്റക്കാർക്ക് 1,000 ബഹ്‌റൈനി ദീനാർ വരെ പിഴയും, കുറ്റം ആവർത്തിച്ചാൽ സ്ഥാപനങ്ങൾ സ്ഥിരമായി അടച്ചുപൂട്ടലുമാണ് വ്യവസ്ഥ ചെയ്യുന്നത്.
18 വയസ്സിന് താഴെയുള്ളവർക്ക് ഇലക്ട്രോണിക് ഷീഷ, വേപ്പ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നത് തടയുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്ന് പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എം.പി മുഹമ്മദ് മൂസ വ്യക്തമാക്കി.
നിലവിലുള്ള കുറഞ്ഞ പിഴയായ 100 ദീനാറിൽ നിന്ന് തുക 1,000 ദീനാറായി ഉയർത്താനാണ് പുതിയ ബില്ലിൽ നിർദ്ദേശിക്കുന്നത്. കൂടാതെ നിയമലംഘനം ആവർത്തിക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കി സ്ഥിരമായി അടച്ചുപൂട്ടുമ്പോൾ, വേപ്പ് വിൽക്കുന്ന സ്ഥാപനങ്ങളിൽ നിർബന്ധമായും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും വിൽപ്പന രേഖകൾ സൂക്ഷിക്കുകയും വേണം. സംശയസ്പദമായ സാഹചര്യങ്ങളിൽ അധികൃതർക്ക് ഇവ പരിശോധിക്കാവുന്നതാണ്.
ചെറിയ തുകയ്ക്ക് റീഫിൽ സേവനങ്ങൾ ലഭിക്കുന്നത് കുട്ടികളിൽ വേപ്പിംഗ് ഉപയോഗം കൂട്ടാൻ കാരണമായിട്ടുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വിറ്റ നിരവധി സ്ഥാപനങ്ങൾക്കെതിരെ ഇതിനകം തന്നെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ രക്ഷാകർത്താക്കളും സ്കൂളുകളും വിദ്യാഭ്യാസ മന്ത്രാലയവും സാമൂഹിക സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നീതിന്യായ മന്ത്രാലയം അംഗീകാരം നൽകിയ ബിൽ നിലവിൽ അന്തിമ രൂപരേഖയ്ക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. തുടർന്ന് പാർലമെന്റിൽ ചർച്ചയ്ക്ക് സമർപ്പിക്കും. നിയമലംഘനം നടത്തുന്നവർക്ക് സാമ്പത്തികമായും നിയമപരമായും വലിയ നഷ്ടമുണ്ടാകുമെന്ന് ഉറപ്പാക്കുന്നതിലൂടെ മാത്രമേ കുട്ടികളിലേക്കുള്ള ഇത്തരം ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം തടയാൻ സാധിക്കൂ എന്ന് അഭിഭാഷക സൈനബ് മദൻ പ്രതികരിച്ചു.
dfsdf

