സൈറൺ കേട്ടാൽ അലസത അരുത്: മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: സൈറൺ ശബ്ദങ്ങളും വിമാന പ്രതിരോധ ശബ്ദങ്ങളും നിരന്തരം കേൾക്കുമ്പോൾ ജനങ്ങൾ അതിനോട് കാണിക്കുന്ന അലസത വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ കേണൽ ഉസാമ ബഹാർ മുന്നറിയിപ്പ് നൽകി. തുടക്കത്തിൽ സൈറണുകൾ കേൾക്കുമ്പോൾ ജാഗ്രത പാലിക്കുന്ന ആളുകൾ, അത് സ്ഥിരം സംഭവമാകുമ്പോൾ സാധാരണ പോലെ പുറത്തിറങ്ങുന്നതും എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ മേൽക്കൂരകളിൽ കയറുന്നതും അപകടകരമായ പ്രവണതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പ് ശബ്ദങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആളുകളിൽ ഭയവും ജാഗ്രതയും കുറയുന്ന മാനസിക-സാമൂഹികാവസ്ഥയെക്കുറിച്ച് സംസാരിക്കവേ, ഈ സാരമില്ലായ്മ വ്യക്തിസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈറണുകളോ ആകാശത്ത് പ്രതിരോധ സ്ഫോടന ശബ്ദങ്ങളോ കേട്ടാൽ യാതൊരു കാരണവശാലും എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ പുറത്തിറങ്ങുകയോ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുകയോ ചെയ്യരുത്. വീടുകൾക്കുള്ളിൽ കഴിയുന്നു എന്നത് കൊണ്ട് മാത്രം പൂർണ്ണ സുരക്ഷ ഉറപ്പാകുന്നില്ല. അതിനാൽ കെട്ടിടങ്ങളുടെ മേൽക്കൂരകളിലോ ജനലുകൾക്ക് സമീപത്തോ നിൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. സൈറൺ മുഴങ്ങുമ്പോൾ തന്നെ ജനലുകളിൽ നിന്നും തുറസ്സായ ഭാഗങ്ങളിൽ നിന്നും മാറി കെട്ടിടത്തിനുള്ളിലെ ഏറ്റവും സുരക്ഷിതമായ ഭാഗത്തേക്ക് മാറാൻ എല്ലാവരും ശ്രദ്ധിക്കണം.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് ഈ മുന്നറിയിപ്പുകൾ നൽകുന്നത്. നിരന്തരമായ മുന്നറിയിപ്പുകൾ അലസതയിലേക്ക് നയിക്കാൻ പാടില്ലെന്നും, ഓരോ തവണ സൈറൺ മുഴങ്ങുമ്പോഴും ആദ്യ തവണത്തേതുപോലെ തന്നെ കൃത്യമായ ജാഗ്രത പാലിക്കണമെന്നും കേണൽ ഉസാമ ബഹാർ ഓർമ്മിപ്പിച്ചു.
sdfsdf

