ഇന്ത്യൻ സൈന്യത്തിന് ആദരം; മാറ്റ് മിലിട്ടറി ലുക്കിൽ റോയൽ എൻഫീൽഡ് 'ഗോർഖ എഡിഷൻ' നിരത്തിലേക്ക്!
ഷീബ വിജയൻ
പ്രശസ്ത ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളായ ക്ലാസിക് 350ൽ പുതിയൊരു സ്പെഷ്യൽ എഡിഷൻ കൂടി വിപണിയിലേക്ക് എത്തുന്നു. 'ക്ലാസിക് 350 ഗോർഖ എഡിഷൻ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബൈക്ക് ഔദ്യോഗിക ലോഞ്ചിന് മുന്നേ തന്നെ ഡീലർഷിപ്പ് യാർഡുകളിൽ എത്തിത്തുടങ്ങി. ഇന്ത്യൻ സൈന്യത്തിന്റെ ധീരതക്കും പാരമ്പര്യത്തിനും പേരുകേട്ട 'ഗോർഖ റെജിമെന്റിന്' ആദരവായിട്ടാണ് മിലിട്ടറി തീമിൽ ബൈക്ക് നിർമിച്ചിരിക്കുന്നത്.
ക്ലാസിക് 350ന്റെ പരമ്പരാഗത ഡിസൈൻ പൂർണമായും നിലനിർത്തിക്കൊണ്ട് തന്നെ തികച്ചും സവിശേഷമായ ലുക്കിലാണ് ഗോർഖ എഡിഷൻ വിപണിയിലെത്തുന്നത്. ബൈക്കിന് ആകർഷകമായ മാറ്റ് മിലിട്ടറി ഗ്രീൻ (ഡാർക്ക് റൈഫിൾ ഗ്രീൻ) പെയിന്റ് ഫിനിഷാണ് നൽകിയിരിക്കുന്നത്. സൈഡ് പാനലുകളിൽ ഗോർഖ റൈഫിൾസിന്റെ പ്രശസ്തമായ 'കുക്രി' അടയാളത്തോടുകൂടിയ 'ഗോർഖ എഡിഷൻ' സ്റ്റിക്കറുകൾ നൽകിയിട്ടുണ്ട്. ഗോർഖ എഡിഷനിൽ ക്ലാസിക് ഹെറിറ്റേജ് ലുക്ക് നിലനിർത്താനായി ക്രോം ഫിനിഷുള്ള എൻജിൻ കേസിങ്, ക്രോം എക്‌സ്‌ഹോസ്റ്റ്, ക്രോം വയർ-സ്പോക്ക് വീലുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്.
മെക്കാനിക്കൽപരമായി സാധാരണ ക്ലാസിക് 350 റേഞ്ചിന് സമാനമാണ് ഈ സ്പെഷ്യൽ എഡിഷൻ ബൈക്ക്. അതിനാൽത്തന്നെ 349 സി.സി സിംഗിൾ സിലിണ്ടർ ജെ-സീരീസ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ പരമാവധി 20.2 ബി.എച്ച്.പി കരുത്തും 27 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ ക്ലാസിക് 350 മോഡലിലെ 5-സ്പീഡ് ഗിയർബോക് അതേപടി തുടരാനാണ് സാധ്യത. ഡ്യുവൽ-ചാനൽ എ.ബി.എസ്, അസിസ്റ്റ്-ആൻഡ്-സ്ലിപ്പ് ക്ലച്ച്, യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട് തുടങ്ങിയ ആധുനിക ഫീച്ചറുകൾ സ്റ്റാൻഡേർഡായി ബൈക്കിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഔദ്യോഗികമായി പുറത്തിറങ്ങാത്തതുകൊണ്ട് തന്നെ റോയൽ എൻഫീൽഡ് ഇതുവരെ ഗോർഖ എഡിഷന്റെ വില പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ടോപ്പ്-സ്പെക്ക് ക്ലാസിക് 350 ക്രോം വേരിയന്റിന് ഏകദേശം 2.23 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇതിന്റെ അടിസ്ഥാനത്തിൽ ഗോർഖ എഡിഷന് 2.25 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കപ്പെടുന്നു.
adsdsdsds

