സാമ്പത്തിക സഹകരണം ശക്തമാക്കി ബഹ്‌റൈനും യുഎഇയും: 2000 കോടി ദിർഹത്തിന്റെ കറൻസി സ്വാപ്പ് കരാറിൽ ഒപ്പുവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) തമ്മിലുള്ള സാമ്പത്തിക സഹകരണം ആഴത്തിലാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ ഉഭയകക്ഷി കറൻസി സ്വാപ്പ് കരാറിൽ ഒപ്പുവെച്ചു. 200 കോടി ബഹ്‌റൈൻ ദിനാർ (2000 കോടി യുഎഇ ദിർഹം) മൂല്യമുള്ളതാണ് ഈ കരാർ. വീഡിയോ കോൺഫറൻസിങ് വഴി നടന്ന ചടങ്ങിൽ അഞ്ച് വർഷത്തേക്കുള്ള സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ധാരണയായത്.
യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഇബ്രാഹിം ഹുമൈദാനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു ബാങ്കുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഗവർണർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ ദിനാറും യുഎഇ ദിർഹവും തമ്മിലുള്ള കൈമാറ്റത്തിന് പുതിയ ചട്ടക്കൂട് ഒരുക്കുന്നതാണ് ഈ നീക്കം.
യുഎഇയും ബഹ്‌റൈനും തമ്മിലുള്ള സാമ്പത്തിക ബന്ധം വിപുലീകരിക്കുന്നതിനും ധനകാര്യ മേഖലയിലെ സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നതെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ തെളിവാണ് ഈ സുപ്രധാന നീക്കമെന്ന് ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഇബ്രാഹിം ഹുമൈദാനും വ്യക്തമാക്കി.
dsdsds




