വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു; 34-കാരനെ ബഹ്റൈൻ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത കുറ്റത്തിന് 34 വയസ്സുകാരനെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് കറപ്ഷൻ, ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗമാണ് ഇയാളെ പിടികൂടിയത്. രാജ്യത്തെ വിവിധ ഇടങ്ങളെ ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളാണ് ഇയാൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. വിവിധ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി കാണിക്കുന്ന ഈ ചിത്രങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് അധികൃതർ കണ്ടെത്തി. രാജ്യത്തെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ഇത്തരം നിയമലംഘനങ്ങൾ ഗൗരവകരമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പിടിക്കപ്പെട്ട വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. യുദ്ധസമാനമായ സാഹചര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകളോ കൃത്രിമ ചിത്രങ്ങളോ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed