ബഹ്റൈനിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസിയുടെ പുതിയ ജാഗ്രതാ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ ചില മേഖലകൾ ഇറാന്റെ ലക്ഷ്യമായേക്കാമെന്ന വിവരത്തെത്തുടർന്ന് രാജ്യത്തെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി ഹമല പ്രദേശവും പരിസരങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കാൻ എംബസി ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഫോടന ശബ്ദങ്ങളോ സൈറണുകളോ കേൾക്കുകയാണെങ്കിൽ ഉടനടി സുരക്ഷിത സ്ഥാനങ്ങൾ തേടണമെന്നും എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കെട്ടിടത്തിനുള്ളിൽ ഉള്ളവർ ജനലുകളും വാതിലുകളും ഇല്ലാത്ത ഉൾവശത്തെ മുറികളിലേക്കോ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കോ മാറണം. പുറത്താണെങ്കിൽ സുരക്ഷിതമായ കോൺക്രീറ്റ് കെട്ടിടങ്ങളിൽ അഭയം തേടുകയോ അതിന് സാധിക്കാത്ത പക്ഷം നിലത്തു കിടന്ന് കൈകൾ കൊണ്ട് തല സംരക്ഷിക്കുകയോ ചെയ്യേണ്ടതാണ്. മിസൈലുകളോ ഡ്രോണുകളോ തടയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ അവയിൽ നിന്ന് അകലം പാലിക്കണമെന്നും ആക്രമണത്തിന് ശേഷം ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ വഴി ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരണമെന്നും എംബസി അറിയിച്ചു.
പ്രകടനങ്ങളും വലിയ ഒത്തുചേരലുകളും പോലീസ് സാന്നിധ്യമുള്ള ഇടങ്ങളും ഒഴിവാക്കാൻ പൗരന്മാർ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി പ്രാദേശിക എമർജൻസി നമ്പറായ 999-ലോ അല്ലെങ്കിൽ എംബസിയുടെ +973 1724 2700 എന്ന നമ്പറിലോ ബന്ധപ്പെടാം. ഏറ്റവും പുതിയ സുരക്ഷാ വിവരങ്ങൾ ലഭിക്കുന്നതിനായി സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യാനും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.
aa


