കലയുടെ വസന്തവുമായി ബഹ്‌റൈൻ; 'സ്പ്രിംഗ് ഓഫ് കൾച്ചർ' സാംസ്‌കാരിക മേള മാർച്ച് മുതൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ (Baca) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇരുപതാമത് സ്പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന് മാർച്ച് മാസത്തിൽ തുടക്കമാകും. മെയ് വരെ നീണ്ടുനിൽക്കുന്ന ഈ വിപുലമായ കലാവസന്തം ബഹ്‌റൈന്റെ തനതായ പൈതൃകത്തെയും ആഗോള സാംസ്‌കാരിക വൈവിധ്യത്തെയും ഒരേ വേദിയിൽ എത്തിക്കുന്നു. രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഈ മേളയിൽ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ഇന്ത്യൻ എംബസികളും വിവിധ ആർട്ട് ഗാലറികളും സജീവമായി പങ്കുചേരുന്നുണ്ടെന്ന് അതോറിറ്റി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു. ഈദ് അൽ ഫിത്ത്വറിന്റെ രണ്ടാം ദിനത്തിൽ അരങ്ങേറുന്ന 'അലാറം ബെൽ' എന്ന ഹാസ്യ നാടകത്തോടെയാണ് ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.
മേളയുടെ ഭാഗമായി ലോകപ്രശസ്തരായ നിരവധി കലാകാരന്മാരാണ് ബഹ്‌റൈനിൽ എത്തുന്നത്. മാർച്ച് 20, 21 തീയതികളിൽ ചിലിയൻ തെരുവ് കലാകാരൻ കാർക്കോച്ചയുടെ പ്രകടനങ്ങളും മാർച്ച് 22-ന് എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ കനേഡിയൻ സർക്കസ് സംഘമായ 'സിർക്യു ഡു കോർട്ടിയോ' അവതരിപ്പിക്കുന്ന പരിപാടികളും അരങ്ങേറും. സംഗീത പ്രേമികൾക്കായി മാർച്ച് 25-ന് അമേരിക്കൻ ഗായകൻ ജോഷ് ഗ്രോബൻ നാഷണൽ തിയേറ്ററിൽ എത്തുമ്പോൾ, അർജന്റീനിയൻ കലാകാരൻ വിക്ടർ റുബിലാറിന്റെ ഫുട്ബോൾ ജഗ്ലിംഗ് പ്രകടനവും കാണികൾക്ക് നവ്യാനുഭവമാകും. ബഹ്‌റൈന്റെ കടൽ പൈതൃകം വിളിച്ചോതുന്ന 'ഫിജിരി' സംഗീത നിശ മാർച്ച് 28-ന് ദാർ അൽ മുഹറഖിൽ വെച്ച് നടക്കും. തുടർച്ചയായ നാലാം വർഷവും വിഖ്യാത സംഗീതജ്ഞൻ ആൻഡ്രെ റിയുവും സംഘവും ഏപ്രിൽ 3-ന് അൽ ദാന ആംഫി തിയേറ്ററിൽ സംഗീത വിരുന്നൊരുക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഏപ്രിൽ 9-ന് ഡോ. മുബാറക് നജീമിന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ഫിലഹാർമോണിക് ഓർക്കസ്ട്ര ഹോളിവുഡ്, ബോളിവുഡ്, അറബിക് സിനിമകളിലെ പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക പരിപാടി അവതരിപ്പിക്കും. കുട്ടികൾക്കായി 'ദി ക്യാറ്റ് ഇൻ ദി ഹാറ്റ്' എന്ന നാടകവും 'അണ്ടർ വാട്ടർ ബബിൾ ഷോ'യും മെയ് മാസത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്കാരങ്ങളെയും കലകളെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ബഹ്‌റൈന്റെ സാംസ്‌കാരിക മുഖം അന്താരാഷ്ട്ര തലത്തിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്. മെയ് അവസാനത്തോടെ സമാപിക്കുന്ന ഈ ഉത്സവത്തിൽ രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളുടെ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
sdsfdaf


