റമദാൻ വിപണിയിൽ കർശന നിരീക്ഷണം; വിലക്കയറ്റം തടയാൻ ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം സജീവം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വരാനിരിക്കുന്ന പരിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമായി പരിശോധനകൾ ശക്തമാക്കി ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം. വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനായി മന്ത്രാലയം ആവിഷ്കരിച്ച മുൻകൂർ പദ്ധതിയുടെ ഭാഗമായാണ് ഫീൽഡ് പരിശോധനകളും നിരീക്ഷണങ്ങളും ഊർജിതമാക്കിയത്. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള പ്രത്യേക കാമ്പെയ്‌നുകളും ഇതിനോടൊപ്പം നടപ്പിലാക്കുന്നുണ്ട്. കടകൾ അനുവദിക്കപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പ്രഖ്യാപിക്കപ്പെട്ട ഡിസ്കൗണ്ടുകളും ഓഫറുകളും യഥാർത്ഥമാണോ എന്നും പരിശോധനയിലൂടെ ഉറപ്പുവരുത്തും.
ഷെൽഫുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയും ബില്ലിംഗ് കൗണ്ടറുകളിലെ വിലയും തമ്മിലുള്ള വ്യത്യാസം, അളവുതൂക്കത്തിലെ കൃത്രിമത്വം, വാണിജ്യപരമായ തട്ടിപ്പുകൾ എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിപണിയിൽ അനാവശ്യമായി വില വർദ്ധിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ അതിനെക്കുറിച്ച് ഉടനടി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. റമദാൻ പകുതിയോടെ പരിശോധനകൾ കൂടുതൽ വിപുലീകരിക്കും. ഭക്ഷ്യശാലകൾ, പച്ചക്കറി-ഫലവർഗ കടകൾ, ഇറച്ചി-മത്സ്യ വിപണികൾ എന്നിവയ്ക്ക് പുറമെ തുന്നൽ കടകൾ, സ്വർണ്ണക്കടകൾ, മധുരപലഹാര ശാലകൾ എന്നിവിടങ്ങളിലും വ്യാപകമായ പരിശോധന നടക്കും.
നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വലിയ പിഴകൾ, സ്ഥാപനങ്ങൾ ഭരണപരമായി പൂട്ടിക്കൽ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ, കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറൽ തുടങ്ങിയ ശിക്ഷാ നടപടികൾ ഇതിൽ ഉൾപ്പെടുന്നു. വിപണിയിലെ ക്രമക്കേടുകൾ തടയാൻ പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം അഭ്യർത്ഥിച്ചു. ഉപഭോക്താക്കൾക്ക് തവാസുൽ (Tawasul) ആപ്പ് വഴിയോ 17111225 എന്ന വാട്സാപ്പ് നമ്പർ വഴിയോ ഔദ്യോഗിക ഇമെയിൽ മുഖേനയോ പരാതികൾ അറിയിക്കാവുന്നതാണ്. രാജ്യത്തെ വിപണി സുരക്ഷിതമായി നിലനിർത്താൻ ഇത്തരം സാമൂഹിക പങ്കാളിത്തം അത്യാവശ്യമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
sdfsdff


