ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കപ്പെടണം; ഷെയ്ഖ് നബീൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിനിടയിലും വിശുദ്ധ ഖുർആൻ പഠനത്തിനായി സമയം കണ്ടെത്തണമെന്നും ഖുർആനിലെ സമുന്നത ആശയങ്ങൾ സാമൂഹിക നന്മയ്ക്കായി പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്നും പ്രമുഖ പണ്ഡിതനും അദ്‌ലിയ മസ്ജിദ് ഇമാമുമായ ഷെയ്ഖ് നബീൽ ദബവാൻ പറഞ്ഞു. വളർന്നുവരുന്ന തലമുറയ്ക്ക് ഖുർആൻ സന്ദേശങ്ങൾ പകർന്നുനൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ മന്നാഇ സെന്ററിന്റെ മേൽനോട്ടത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച "അൽ ഇഅ്ജാസ്" ഖുർആൻ മത്സര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പുലർത്തിയ ഉയർന്ന നിലവാരത്തെ ഷെയ്ഖ് മസ്ഊദ് അബ്ദുല്ലാഹ് മുസ്തഫ അബ്ദു ലത്വീഫ് അഭിനന്ദിച്ചു. പരിപാടിയുടെ സംഘാടകരായ റയ്യാൻ ഭാരവാഹികളെ അദ്ദേഹം അനുമോദിക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിശിഷ്ടാതിഥികൾ സർപ്രൈസ് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
അൽ മന്നാഇ ഭാരവാഹികളായ ടി.പി. അബ്ദുൽ അസീസ്, എം.എം. രിസാലുദ്ദീൻ, റയ്യാൻ സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ്, ഹംസ കൊയിലാണ്ടി, ഹംസ അമേത്ത് എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും നേതാക്കളും രക്ഷിതാക്കളും ചേർന്ന് വിതരണം ചെയ്തു. മദ്രസ പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം പരിപാടികൾക്ക് നേതൃത്വം നൽകി. വസീം അൽ ഹികമി സ്വാഗതവും സജ്ജാദ് ബിൻ അബ്ദു റസാഖ് നന്ദിയും പറഞ്ഞു.
dgdfg


