ബഹ്‌റൈൻ പൗരന്മാർക്ക് റമദാൻ സമ്മാനം: സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഇരട്ടിയാക്കി; വൈദ്യുതി നിരക്കിലും ഇളവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം രാജ്യത്തെ പൗരന്മാർക്കായി രണ്ട് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തി. റമദാൻ മാസത്തോടനുബന്ധിച്ച് സാമൂഹിക സുരക്ഷാ സഹായം (Social Security) കൈപ്പറ്റുന്നവർക്കും ഭിന്നശേഷിക്കാർക്കും ലഭിക്കുന്ന ധനസഹായം ഇരട്ടിയാക്കി നൽകാൻ പ്രധാനമന്ത്രി ഉത്തരവിട്ടു. കുറഞ്ഞ വരുമാനക്കാരായ പൗരന്മാർക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുന്നതിനായി റമദാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ തുക വിതരണം ചെയ്യാൻ സാമൂഹിക വികസന മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, സ്വദേശികളുടെ പ്രാഥമിക താമസസ്ഥലങ്ങളിലെ (Primary Residences) വൈദ്യുതി നിരക്കിലും വലിയ ഇളവ് പ്രഖ്യാപിച്ചു. 5,000 മുതൽ 7,000 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 32 ഫിൽസിന് പകരം ഇനി മുതൽ 16 ഫിൽസ് മാത്രമേ ഈടാക്കുകയുള്ളൂ. ഈ പുതിയ നിരക്കിന് ജനുവരി 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കുമെന്ന് വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാൻ വ്യക്തമാക്കി.
സർക്കാരും പാർലമെന്റും തമ്മിലുള്ള ക്രിയാത്മകമായ സഹകരണത്തിന്റെ ഫലമാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ഇതോടൊപ്പം രാജ്യത്തെ സുപ്രധാന നേട്ടങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും യോഗം വിലയിരുത്തി. കായിക രംഗത്ത്, ഏഷ്യൻ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കിരീടം ചൂടിയ ബഹ്‌റൈൻ ദേശീയ ടീമിനെയും യോഗം അഭിനന്ദിച്ചു. കൂടാതെ ബാപ്കോ എനർജീസ് ബഹ്‌റൈൻ ചാമ്പ്യൻഷിപ്പ്, ക്രൗൺ പ്രിൻസ് കപ്പ് ഫെസ്റ്റിവൽ എന്നിവയുടെ വിജയകരമായ നടത്തിപ്പിനെയും കാബിനറ്റ് എടുത്തുപറഞ്ഞു. പുതിയ സ്മാർട്ട് ക്യാമറ സംവിധാനത്തിന്റെ പുരോഗതിയും വിവിധ രാജ്യാന്തര ഫോറങ്ങളിൽ ബഹ്‌റൈൻ പങ്കെടുത്തതിന്റെ ഫലങ്ങളും യോഗം വിലയിരുത്തി.
േ്ി്േി


