ബഹ്‌റൈനിൽ തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചയ്ക്കിടെ 146 പ്രവാസികളെ നാടുകടത്തി
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) രാജ്യത്തുടനീളം നടത്തിയ പരിശോധനയിൽ 146 പ്രവാസികളെ നാടുകടത്തി. ജനുവരി 25 മുതൽ 31 വരെയുള്ള കാലയളവിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ 1,513 പരിശോധനകളുടെയും 36 സംയുക്ത ക്യാമ്പെയ്‌നുകളുടെയും ഭാഗമായാണ് ഈ നടപടി. പരിശോധനയിൽ താമസ നിയമങ്ങൾ ലംഘിച്ച 17 തൊഴിലാളികളെ കൂടി പുതുതായി കണ്ടെത്തിയിട്ടുണ്ട്.
കാപിറ്റൽ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. ഇവിടെ 14 സംയുക്ത ക്യാമ്പെയ്‌നുകൾ പൂർത്തിയാക്കി. ഇതിനു പിന്നാലെ മുഹറഖിൽ 11-ഉം, നോർത്തേൺ ഗവർണറേറ്റിൽ ആറും, സതേൺ ഗവർണറേറ്റിൽ അഞ്ചും പരിശോധനകൾ നടന്നു. പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, വിവിധ പോലീസ് ഡയറക്ടറേറ്റുകൾ, ക്രൈം ഡിറ്റക്ഷൻ വിഭാഗം തുടങ്ങി നിരവധി വകുപ്പുകൾ ഈ നീക്കത്തിൽ പങ്കുചേർന്നു.
2024 ജനുവരി മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,21,312 പരിശോധനകളിലൂടെ ആകെ 12,820 അനധികൃത തൊഴിലാളികളെയാണ് അധികൃതർ നാടുകടത്തിയത്. രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വത്തെയും തൊഴിൽ വിപണിയുടെ മത്സരക്ഷമതയെയും ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
്േിേ്ി


