ബഹ്‌റൈനിൽ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കർശന നടപടി; നിരോധിത ഉപകരണങ്ങൾ വ്യാപകമായി പിടിച്ചെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈന്റെ സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോസ്റ്റ്ഗാർഡ് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി. കഴിഞ്ഞ മാസം മാത്രം എഴുനൂറിലധികം നിരോധിത മത്സ്യബന്ധന ഉപകരണങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. രാജ്യത്തെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന കർശനമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ നടന്നത്.
കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ 684 നിരോധിത മത്സ്യബന്ധന കൂടുകളും 28 വലകളും കോസ്റ്റ്ഗാർഡ് കണ്ടെടുത്തു. ഡിസംബറിലും സമാനമായ രീതിയിൽ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. അന്ന് 1,020 ഗർഗൂറുകളും 171 വലകളും ഉൾപ്പെടെ ആകെ 1,191 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി.
ബഹ്‌റൈനിലെ സമുദ്ര നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികളാണ് കാത്തിരിക്കുന്നത്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്ക് ഒരു മാസം വരെ തടവോ 300 ദീനാർ മുതൽ 1,000 ദീനാർ വരെ പിഴയോ ശിക്ഷയായി ലഭിക്കാം. ഇതിനുപുറമെ, പിടികൂടുന്ന മത്സ്യങ്ങളും മത്സ്യബന്ധനത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്യും.
കൂടാതെ, ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെയുള്ള ആറ് മാസക്കാലം ബഹ്‌റൈനിൽ ചെമ്മീൻ പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും വാർഷിക നിരോധനം നിലവിലുണ്ട്. സമുദ്രത്തിലെ മത്സ്യസമ്പത്ത് സ്വാഭാവികമായി വർദ്ധിക്കുന്നതിനും സുസ്ഥിരമായ സമുദ്ര വികസനം ഉറപ്പാക്കുന്നതിനുമായാണ് ഈ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്നും കോസ്റ്റ്ഗാർഡ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
േ്ിേി


