മടങ്ങിയ ചെക്കുകൾ വഴി പണം ഈടാക്കാൻ ഇനി കോടതി വിധി ആവശ്യമില്ല; നടപടിക്രമങ്ങൾ ലഘൂകരിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈനിൽ ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങുന്ന ചെക്കുകൾ വഴി തുക ഈടാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചു. കോടതിയിൽ പ്രത്യേകം കേസ് ഫയൽ ചെയ്ത് ദീർഘകാലം കാത്തിരിക്കാതെ തന്നെ, മടങ്ങിയ ചെക്ക് നേരിട്ട് നടപ്പിലാക്കാവുന്ന ഒരു എക്‌സിക്യൂട്ടീവ് രേഖയായി പരിഗണിച്ച് തുക ഈടാക്കാൻ അനുമതി നൽകുന്ന പുതിയ സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. നീതിന്യായ മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും (iGA) സഹകരിച്ച് ബഹ്‌റൈൻ നാഷണൽ പോർട്ടൽ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
വാണിജ്യ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച്, മടങ്ങിയ ചെക്കുകൾ ഇനി മുതൽ നേരിട്ട് എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് ഉപയോഗിക്കാവുന്ന ഔദ്യോഗിക രേഖയായി മാറും. ഇതിനായി ചെക്ക് തുകയുടെ രണ്ട് ശതമാനം എൻഫോഴ്‌സ്‌മെന്റ് ഫീസായി നൽകേണ്ടതുണ്ട്. ഈ ഫീസ് പരമാവധി 1,000 ബഹ്‌റൈനി ദീനാറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ഈ തുക ഓൺലൈനായി ഒടുക്കണം.
അപേക്ഷയോടൊപ്പം ചെക്ക് നൽകിയ ആൾക്ക് തുക ആവശ്യപ്പെട്ട് നൽകിയ നോട്ടീസ്, അക്കൗണ്ടിൽ പണമില്ലെന്ന് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കിൽ റിട്ടേൺ മെമ്മോ, ചെക്കിന്റെ ഇരുവശങ്ങളുടെയും വ്യക്തമായ പകർപ്പ് എന്നിവ സമർപ്പിക്കണം. ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിക്കാത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടുമെന്നും അപ്രകാരം നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യ-സിവിൽ ഇടപാടുകളിൽ ചെക്കുകൾക്കുള്ള വിശ്വാസ്യത വർധിപ്പിക്കാനും പരാതിക്കാരുടെ സാമ്പത്തിക അവകാശങ്ങൾ വേഗത്തിൽ സംരക്ഷിക്കാനുമാണ് മന്ത്രാലയം ഈ പരിഷ്കാരം നടപ്പിലാക്കിയത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചെക്ക് എൻഫോഴ്‌സ്‌മെന്റ് നടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാകും.
്ിേ്ി


