ഇന്ത്യൻ നിർമാണത്തൊഴിലാളിയുടെ മരണം: ബഹ്റൈനി സൈറ്റ് സൂപ്പർവൈസർക്ക് മൂന്നുമാസം തടവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

സിത്രയിൽ നിർമാണത്തിലിരുന്ന വീടിന്റെ മതിൽ തകർന്ന് വീണ് ഇന്ത്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ കരാറുകാരനായ ബഹ്‌റൈനി സൈറ്റ് സൂപ്പർവൈസർക്ക് മൂന്നുമാസം തടവ്. 44 വയസ്സുകാരനായ സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് ഹൈ ക്രിമിനൽ കോടതി കണ്ടെത്തി. മനഃപൂർവമല്ലാത്ത നരഹത്യ, തൊഴിലിടങ്ങളിലെ സുരക്ഷാവീഴ്ച ഉൾപ്പെടെ നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. നിർമാണത്തിലിരുന്ന വീടിന്റെ ഒന്നാം നിലയിൽ ജോലി ചെയ്തിരുന്ന 60 വയസ്സുകാരനായ ബൽവീന്ദർ സിംഗ് എന്ന തൊഴിലാളിയാണ് മരണപ്പെട്ടത്. ജോലിക്ക് ഇടയിലുള്ള ഇടവേളയിൽ ചായ കുടിക്കാനായി ഒരു ജനലിനരികിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. ചായ കുടിച്ച ശേഷം ജോലിയിൽ പ്രവേശിക്കാൻ എഴുന്നേറ്റപ്പോൾ പെട്ടെന്നുണ്ടായ തലകറക്കം കാരണം അദ്ദേഹം ബാലൻസ് തെറ്റി സമീപത്തെ മതിലിൽ ചാരുകയായിരുന്നു.

എന്നാൽ, നിർമാണം പൂർത്തിയാകാത്തതും ഉറപ്പില്ലാത്തതുമായ മതിൽ തകർന്ന് വീണതോടെ ബൽവീന്ദർ സിംഗ് മൂന്നു മീറ്റർ ഉയരത്തിൽ നിന്ന് താഴെയുള്ള സിമന്റ് കട്ടകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊഴിലിടത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സൈറ്റ് സൂപ്പർവൈസർക്ക് വലിയ വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു.

മതിയായ ബലമില്ലാത്ത മതിൽ സംരക്ഷിക്കുന്നതിലോ തൊഴിലാളികൾക്ക് സുരക്ഷാ കവചങ്ങൾ ഉറപ്പാക്കുന്നതിലോ ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാ നടപടി.

article-image

sfdsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed