ഗാന്ധിസ്മൃതിയിൽ സൽമാബാദ്; ഐ.വൈ.സി.സി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
മനാമ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സംഗമവും പുഷ്പാർച്ചനയും നടത്തി. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഇന്നും പ്രസക്തമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഏരിയ പ്രസിഡന്റ് ഷമാസ് പാടൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെ നിശ്ശബ്ദനാക്കാൻ ശ്രമിച്ചവർക്ക് തെറ്റിയെന്നും അദ്ദേഹത്തിന്റെ പാഠങ്ങൾ ലോകത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ പേരിൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് മാറ്റിയ ബി.ജെ.പി സർക്കാരിന്റെ നടപടിയെ യോഗത്തിൽ പ്രസംഗിച്ചവർ വിമർശിച്ചു. ഇത് സംഘപരിവാർ ഗാന്ധിസ്മരണകളെ ഭയപ്പെടുന്നതിന്റെ തെളിവാണെന്നും ചർച്ചകൾ ഉയർന്നു.
ഐ.വൈ.സി.സി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, മുൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ഷഫീഖ് സൈഫുദ്ദീൻ, വൈസ് പ്രസിഡന്റ് ഷാഫി വയനാട് എന്നിവരും വിവിധ കമ്മിറ്റി ഭാരവാഹികളും ഗാന്ധിസ്മരണകൾ പങ്കുവെച്ചു. ഏരിയ സെക്രട്ടറി സുകുമാരൻ സ്വാഗതവും ട്രഷറർ അസർ കരുനാഗപ്പള്ളി നന്ദിയും രേഖപ്പെടുത്തി.
dsfdsfs


