ഉടമയറിയാതെ വാഹനം വ്യാജരേഖ ചമച്ച് വിറ്റു: ബഹ്റൈനിൽ വിദേശി വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര
മനാമ: പ്രവർത്തനം നിർത്തിയ സാാൻഡ്‌വിച്ച് ഷോപ്പിലെ മുൻ പാചകക്കാരൻ ഉടമയുടെ മിനിബസ് വ്യാജരേഖകളുണ്ടാക്കി വിറ്റഴിച്ച കേസിൽ വിചാരണ നേരിടുന്നു. 49 വയസ്സുള്ള ഏഷ്യൻ വംശജനായ വിദേശിക്കെതിരെയാണ് ഹൈ ക്രിമിനൽ കോടതിയിൽ കേസ് നടക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, മോഷണം, ആൾമാറാട്ടം, ഗവൺമെന്റ് സ്ഥാപനത്തെ വഞ്ചിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കായി 2017-ൽ 3,300 ബഹ്റൈനി ദിനാറിന് വാങ്ങിയ മിനിബസ് കേസിലെ പ്രതിയായ തൊഴിലാളിയെയാണ് 71 വയസ്സുള്ള ബഹ്റൈനി ഉടമ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ 2024-ൽ സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടർന്ന്, പ്രതി ഈ വാഹനം ഉടമ അറിയാതെ മറ്റൊരു കമ്പനിക്ക് 2,700 ദിനാറിന് വിൽക്കുകയും പണം കൈക്കലാക്കുകയും ചെയ്തു.
2026-ൽ വാഹനം തിരികെ ചോദിച്ചപ്പോഴാണ് ഉടമ തട്ടിപ്പിവിവരം അറിയുന്നത്. വാഹനം ഒരു കൂട്ടുകാരന് നൽകിയിരിക്കുകയാണെന്നാണ് പ്രതി ആദ്യം മറുപടി നൽകിയത്. സംശയം തോന്നിയ ഉടമ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രഫിക്കിൽ അന്വേഷിച്ചപ്പോഴാണ് വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറിയതായി കണ്ടെത്തിയത്. വാഹനം രജിസ്ട്രേഷൻ പുതുക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി മുൻപ് തന്നിൽ നിന്ന് ഒപ്പിട്ടു വാങ്ങിയ രേഖകൾ ഉപയോഗിച്ചാണ് ഉടമസ്ഥാവകാശം മാറ്റിയതെന്ന് ഉടമ മൊഴി നൽകി. പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസ് കൂടുതൽ വാദങ്ങൾക്കായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
esests

