വിദേശികൾക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്: തയാറെടുപ്പുകൾ വിലയിരുത്തി ബഹ്റൈനിൽ ഉന്നതല യോഗം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ വിദേശികൾക്കായി നടപ്പിലാക്കുന്ന നിർബന്ധിത ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (SCH) ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (BCCI) ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.
വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റോ, ബിസിസിഐ ഫസ്റ്റ് വൈസ് ചെയർമാൻ യൂസഫ് സ്വലാഹുദ്ദീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിൽ സ്വകാര്യ മേഖലയുടെ സഹകരണം നിർണായകമാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. തൊഴിലുടമകളെ പദ്ധതിയുടെ ആവശ്യകതകളെക്കുറിച്ച് ബോധവത്കരിക്കുന്നതിൽ ബിസിസിഐ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അംഗീകൃത ഇൻഷുറൻസ് കമ്പനികൾ മുഖേന പ്രാഥമിക, ദ്വിതീയ, സ്പെഷ്യലിസ്റ്റ്, അത്യാഹിത വിഭാഗ ചികിത്സകൾ ഉൾപ്പെടുന്ന അടിസ്ഥാന ഇൻഷുറൻസ് വിദേശികൾക്ക് നിർബന്ധമാക്കുന്നതാണ് പദ്ധതി. ആവശ്യമെങ്കിൽ അധിക കവറേജിനായി ഓപ്ഷണൽ പാക്കേജുകളും തിരഞ്ഞെടുക്കാം. സിആർ പുതുക്കൽ, വർക്ക് അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റുകളുടെ ഇഷ്യൂ എന്നിവയ്ക്കൊപ്പം ഒക്ടോബർ 31 മുതൽ ഇൻഷുറൻസ് ഘട്ട ഘട്ടമായി നടപ്പിലാക്കും. ഇത് തൊഴിലുടമകൾക്ക് ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ സമയം നൽകും.
വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ ആവശ്യങ്ങളും സംശയങ്ങളും പദ്ധതി നടപ്പാക്കുമ്പോൾ പരിഗണിക്കുമെന്ന് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റോ പറഞ്ഞു. ബിസിസിഐ പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്കും നിരീക്ഷണങ്ങൾക്കും അധികൃതരുമായി തുടർച്ചയായ കൂടിയാലോചനകൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, ബഹ്റൈൻ പൗരന്മാർ, ഗാർഹിക തൊഴിലാളികൾ, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളും അവരുടെ ആശ്രിതരും എന്നിവർക്ക് നിലവിലുള്ള ആരോഗ്യ സേവന സംവിധാനം മാറ്റമില്ലാതെ തുടരും.
േെ്്

