സൂപ്പർ എൽ നിനോ: മത്തിയും അയലയും തണുപ്പുള്ള മേഖലകളിലേക്ക് ചേക്കേറും; കേരളത്തിൽ മത്സ്യലഭ്യത കുറയാൻ സാധ്യതയെന്ന് പഠനം


ശാരിക

കൊച്ചി: സൂപ്പർ എൽ നിനോ പ്രതിഭാസം കാരണം കടലിലെ ഉപരിതല മത്സ്യങ്ങൾ തണുപ്പുള്ള മറ്റ് സമുദ്ര മേഖലകളിലേക്ക് ചേക്കേറുമെന്ന് പഠന റിപ്പോർട്ട്. കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്ന കനത്ത താപനില വർധനവ് ആരംഭിക്കുന്നതോടെ മത്തി, അയല, നെത്തോലി തുടങ്ങിയ ഉപരിതല മീനുകൾ തണുപ്പ് തേടി ആഴക്കടലിലേക്കോ വടക്കൻ സമുദ്രമേഖലകളിലേക്കോ സഞ്ചരിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

കുഫോസ് (KUFOS) വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ, കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് എന്നിവർ ചേർന്ന് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇതുമൂലം ഉപരിതല മത്സ്യങ്ങളുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നും, ഇത് മത്സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളവിടുമെന്നും സൂചനയുണ്ട്. നവംബർ മുതൽ അടുത്ത ഫെബ്രുവരി വരെയുള്ള കാലയളവിൽ സൂപ്പർ എൽ നിനോ കൂടുതൽ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൽ നിനോ പ്രതിഭാസം കേരള തീരത്ത് മത്തിയുടെ ലഭ്യത കുറച്ചേക്കാമെന്ന് കേന്ദ്ര സമുദ്ര ഫിഷറീസ് ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ.) മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് അടിവരയിടുന്ന തരത്തിലുള്ള നിർണായക പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എൽ നിനോയുടെ പശ്ചാത്തലത്തിൽ കേരള തീരത്ത് ചെറുമീനുകളെ പിടിക്കുന്നത് ഇപ്പോഴും കടുപ്പത്തിൽ തുടരുകയാണ്. മത്തി ഉൾപ്പെടെയുള്ള ചെറിയ പെലാജിക് മത്സ്യങ്ങളുടെ പ്രജനന പ്രക്രിയയെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഇത് കനത്ത ഭീഷണിയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും വലിയ ബോട്ടുകാരും ഒരുപോലെ ചെറുമീൻ പിടുത്തത്തിൽ ഏർപ്പെടുന്നത് കടലിലെ മത്സ്യസമ്പത്ത് പൂർണമായി നശിക്കാനും തൊഴിലാളികളുടെ ഉപജീവനം തന്നെ മുടങ്ങാനും കാരണമാകും.

അതേസമയം, അടുത്തിടെ ബേപ്പൂരിൽ ബോട്ടിന്റെ അറയിൽ നിന്ന് മീൻ മാറ്റുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തെ തുടർന്ന് ജുവനൈൽ ഫിഷിങ് (ചെറുമീൻ പിടുത്തം) കേന്ദ്രീകരിച്ച് നിരീക്ഷണങ്ങൾ ശക്തമാക്കിയിരുന്നു. പിടികൂടുന്ന ബോട്ടുകളിൽ ആവശ്യത്തിന് ഐസ് ഇടാത്തതിനാൽ തീരത്ത് എത്തുമ്പോഴേക്കും ചെറുമീനുകൾ അഴുകി വിഷവാതകം രൂപപ്പെട്ടതാണ് ആ തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയത്. ഇത്തരത്തിൽ പിടികൂടുന്ന നൂറുകണക്കിന് ലോഡ് ചെറുമീനുകളാണ് ഫിഷ് മീൽ ഫാക്ടറികൾക്കായി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും നിയമവിരുദ്ധമായി കടത്തുന്നത്.

ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓരോ മത്സ്യത്തിന്റെയും 'മിനിമം ലീഗൽ സൈസ്' (പിടിക്കാൻ അനുവദിച്ചിട്ടുള്ള കുറഞ്ഞ വലിപ്പം - MLS) അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ജാക്സൺ പൊയിൽ ആവശ്യപ്പെട്ടു. 2018-ൽ ഫിഷറീസ് വകുപ്പ് 55 ഇനം മത്സ്യങ്ങൾക്ക് എം.എൽ.എസ് നിശ്ചയിച്ചിരുന്നു. നിലവിൽ പരമ്പരാഗത തൊഴിലാളികൾ പിടിക്കുന്ന മത്തിയുടെ വലിപ്പം 10-11 സെന്റിമീറ്റർ മാത്രമാണ്. മത്തി 18 സെന്റിമീറ്റർ വരെ വളരുമെങ്കിലും നിലവിലെ എം.എൽ.എസ് പരിധി 10 സെന്റിമീറ്ററായി തന്നെയാണ് തുടരുന്നത്. അതിനാൽ ശാസ്ത്രജ്ഞരുമായി കൂടിയാലോചിച്ച് ഇത് 15 സെന്റിമീറ്ററായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഈ ആവശ്യം ന്യായമാണെന്നും, മീനുകൾക്ക് വളരാനും പ്രജനനം നടത്താനും ആവശ്യമായ സമയം നൽകിയാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനവും സുസ്ഥിരമായ മത്സ്യബന്ധനവും ഉറപ്പാക്കാൻ സാധിക്കുമെന്നും സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ടി.എം. നജ്മുദ്ദീൻ വ്യക്തമാക്കി.

article-image

േോ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed