വർഗീയ പ്രചരണങ്ങൾ നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബർക്കും ദിയ കൃഷ്ണയ്ക്കുമെതിരെ നടപടി വേണം: ഡിവൈഎഫ്ഐ
ശാരിക
കൊച്ചി: കേരളത്തെ കുറിച്ച് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബർ അമൃത് സിംഗ് ഡാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ലിറ്റിചോക്കപ്പ് എന്ന ഇൻസ്റ്റഗ്രാം പേജിനും, പ്രസ്തുത വീഡിയോയെ പിന്തുണച്ച് കമന്റിട്ട ദിയ കൃഷ്ണയ്ക്കുമെതിരെയും നിയമനടപടി ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിവിധ മതവിഭാഗങ്ങൾ സ്നേഹത്തോടെയും സഹിഷ്ണുതയോടെയും കഴിയുന്ന കേരളീയ സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാനും വിഭജിക്കാനും വർഗീയ ശക്തികൾ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയുടെ ശക്തമായ തുരുത്തായ കേരളം വർഗീയ ശക്തികളുടെ എല്ലാക്കാലത്തെയും ശത്രുവാണ്. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി ഇത്തരം ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ ശക്തമായി നേരിടുകയും, കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കുകയും വേണം.
ഇത്തരം വർഗീയ പ്രചരണങ്ങൾ നടത്തുന്നവരെയും അതിനെ പിന്തുണയ്ക്കുന്നവരെയും പൊതുസമൂഹം തിരിച്ചറിയണം. സമുദായങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം പടർത്തുന്ന പ്രചരണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ തന്നെ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.
്ിേ്ി

