ബഹ്‌റൈനിൽ എഐ ക്യാമറകൾ ഇന്ന് മുതൽ; ട്രാഫിക് നിയമലംഘകർക്ക് പിടിവീഴും
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
മനാമ: ബഹ്‌റൈനിലെ റോഡുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ സ്മാർട്ട് ക്യാമറകൾ ഇന്ന് (2026 ഫെബ്രുവരി 1, ഞായറാഴ്ച്ച) മുതൽ പ്രവർത്തിച്ചു തുടങ്ങും. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തുണ്ടായ വാഹനാപകടങ്ങളുടെയും ആറോളം മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
ഡ്രൈവർമാരുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് പുതിയ എഐ ക്യാമറകൾ. അമിതവേഗത, ട്രാഫിക് സിഗ്നലിലെ ചുവപ്പ് വെളിച്ചം അവഗണിക്കുക, ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നിവ ഈ ക്യാമറകൾ പ്രധാനമായും കണ്ടെത്തും. കൂടാതെ, കുട്ടികളെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുക, മഞ്ഞ ലൈൻ മുറിച്ചുകടക്കുക, തെറ്റായ വരിയിലൂടെ വാഹനം ഓടിക്കുക, അപകടകരമായ ഓവർടേക്കിങ്ങ്, അനുവദനീയമല്ലാത്ത വിൻഡോ ടിന്റിങ്ങ് എന്നിവയും ക്യാമറകൾ വഴി നിരീക്ഷിക്കും. തിരക്കുള്ള സമയങ്ങളിൽ റോഡിലിറങ്ങുന്ന ഹെവി വാഹനങ്ങൾക്കെതിരെയും ഈ സംവിധാനം കർശന നടപടി സ്വീകരിക്കും.
നിയമലംഘനം നടത്തുന്നവരിൽ നിന്ന് വലിയ തുക പിഴയായും തടവുശിക്ഷയായും ഈടാക്കാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ട്രാഫിക് തടസ്സപ്പെടുത്തുകയോ ലൈറ്റില്ലാതെ വാഹനം ഓടിക്കുകയോ ചെയ്താൽ 20 ബി.ഡി മുതൽ 100 ബി.ഡി വരെയാണ് പിഴ. എന്നാൽ മൊബൈൽ ഫോൺ ഉപയോഗം, അനധികൃത റേസിംഗ് തുടങ്ങിയ ഗുരുതരമായ ലംഘനങ്ങൾക്ക് 500 ബി.ഡി വരെ പിഴയും ആറുമാസം വരെ തടവും ലഭിച്ചേക്കാം. അതേസമയം, ട്രാഫിക് നിയമലംഘനത്തിന് പിഴ ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ തുക അടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് നൽകുന്ന ആനുകൂല്യം തുടരുന്നതാണ്. ശിക്ഷകളെ ഭയന്നല്ല, സ്വന്തം സുരക്ഷ മുൻനിർത്തി വേണം നിയമങ്ങൾ പാലിക്കാനെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
hhftgh


