വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് 'കേരളീയം 26' വെള്ളിയാഴ്ച്ച
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് ജനുവരി 30 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. ചെയർമാൻ രഘു പ്രകാശൻ, പ്രസിഡന്റ് ബാബു തങ്കളത്തിൽ, ജനറൽ സെക്രട്ടറി ഷെജിൻ സുജിത്ത്, ട്രഷറർ വിജേഷ് കൊണ്ടേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് സംഘടനയെ നയിക്കുക.
വൈസ് ചെയർമാൻമാരായി വിനോദ് നാരായണൻ, ഹരീഷ് നായർ, തോമസ് വൈദ്യൻ പി.കെ എന്നിവരും ചെയർപേഴ്‌സണായി ഉഷ സുരേഷും തിരഞ്ഞെടുക്കപ്പെട്ടു. അമൽദേവ് ഒ.കെ, സുജിത്ത് കൂട്ടാല എന്നിവർ വൈസ് പ്രസിഡന്റുമാരായും സിന്ധു രജനീഷ് അസോസിയേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കും. അബ്ദുള്ള ബെല്ലിപ്പാടി, സിജു വി. ആർ, രാജീവ് വർമ്മ, റോബിൻ ചെറിയാൻ, തോംസൺ ജോസഫ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പുതിയ നേതൃത്വത്തിന്റെ ഭാഗമാകും.
ചുമതലയേൽക്കൽ ചടങ്ങിനോടനുബന്ധിച്ച് 'കേരളീയം 26' എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക സന്ധ്യയിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും അതിഥികളായെത്തും. ഐഡിയ സ്റ്റാർ സിംഗർ വിജയി ജോബി ജോൺ, ഗായിക ഹേം ലിന എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ശ്രുതിലക്ഷ്മി, ശ്രീലയ എന്നീ ചലച്ചിത്ര താരങ്ങളുടെ നൃത്ത പ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടും.
ഈ വർഷത്തെ കേരള സർക്കാരിന്റെ സർഗ്ഗാത്മക ബാല്യ പുരസ്‌കാരം നേടിയ ഭിന്നശേഷി വിഭാഗത്തിലെ നർത്തകി അജിന രാജിന്റെ പ്രകടനം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. അജിന രാജ് ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. വിദേശത്തെ നിറഞ്ഞ സദസ്സിന് മുന്നിൽ നൃത്തം ചെയ്യണമെന്ന അജിനയുടെ ദീർഘകാല സ്വപ്നമാണ് ഇതിലൂടെ വേൾഡ് മലയാളി കൗൺസിൽ സാക്ഷാത്കരിക്കുന്നത്.
sdfdsf


