ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് വനിതകളടക്കം ഏഴ് പേർ പിടിയിൽ
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
ബഹ്‌റൈനിൽ വിവിധ ഇടങ്ങളിലായി നടന്ന പരിശോധനയിൽ പത്ത് കിലോയിലധികം മയക്കുമരുന്നുമായി മൂന്ന് വനിതകളടക്കം ഏഴ് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടി.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 1,60,000 ബഹ്‌റൈനി ദിനാറിലധികം (ഏകദേശം മൂന്നര കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിവിധ രാജ്യക്കാരായ പ്രതികളെ മയക്കുമരുന്ന് സഹിതം അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത വസ്തുക്കൾ അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
sdfsdf


