ബഹ്‌റൈനിൽ എൽ.എം.ആർ.എ പരിശോധന ശക്തം: ഒരാഴ്ചയ്ക്കിടെ 14 പേർ പിടിയിൽ; 88 പേരെ നാടുകടത്തി
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
ബഹ്‌റൈനിൽ തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്താനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ വ്യാപക പരിശോധനയിൽ 14 പേർ പിടിയിലായി. ജനുവരി 18 മുതൽ 24 വരെയുള്ള കാലയളവിൽ വിവിധ ഗവർണറേറ്റുകളിലായി 1,171 പരിശോധനകളാണ് അധികൃതർ നടത്തിയത്. നിയമലംഘനം കണ്ടെത്തിയ 88 പ്രവാസികളെ നാടുകടത്തി.
രാജ്യത്തെ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ 1,135 പരിശോധനകൾക്ക് പുറമെ, ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 36 സംയുക്ത പരിശോധനകളും നടത്തി. തലസ്ഥാന ഗവർണറേറ്റിൽ 11-ഉം, മുഹറഖിൽ 12-ഉം, വടക്കൻ ഗവർണറേറ്റിൽ ഏഴും, തെക്കൻ ഗവർണറേറ്റിൽ ആറും വീതം പരിശോധനകളാണ് നടന്നത്.
നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), വിവിധ പോലീസ് ഡയറക്ടറേറ്റുകൾ, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO), ടൂറിസം അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ പരിശോധനയിൽ പങ്കെടുത്തു. തൊഴിൽ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എൽ.എം.ആർ.എ അറിയിച്ചു.
g


