ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സേവന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെന്ററിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി, പ്രവാസ സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കായി കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
അസോസിയേഷനെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പുതിയ പ്രവർത്തന പദ്ധതികൾ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അവതരിപ്പിച്ചു. സഹായ-സേവന മേഖലകളിൽ മികച്ച മുന്നേറ്റം നടത്താൻ സംഘടനയ്ക്ക് സാധിച്ചതായി അദ്ദേഹം വിലയിരുത്തി.
കേന്ദ്ര സമിതി അംഗം യൂനുസ് സലീം ക്ലാസിന് നേതൃത്വം നൽകി. അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, വനിതാ വിഭാഗം പ്രസിഡന്റ് ഫാത്തിമ എം., യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, എ.എം ഷാനവാസ്, അബ്ദുൽ ജലീൽ വി.കെ എന്നിവർ സംസാരിച്ചു. ഗഫൂർ മൂക്കുതല ഗാനമാലപിച്ചു. റിഫ ഏരിയ പ്രസിഡന്റ് പി.പി അബ്ദുശ്ശരീഫ് സമാപനം നിർവഹിച്ചു.
േീ്േു

