ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതിയിൽ; വിഎസ്എസ്‌സി കണ്ടെത്തലുകൾ നിർണ്ണായകം
ഷീബ വിജയൻ
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായകമായ ഇടക്കാല അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയിൽ സമർപ്പിച്ചു. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നിന്നുള്ള വിദഗ്ധർ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലങ്ങളാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പതിപ്പിച്ചിരുന്ന സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള അന്വേഷണ പുരോഗതിയും സംഘം കോടതിയെ അറിയിച്ചു. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്ന കാര്യത്തിലും റിപ്പോർട്ടിൽ സൂചനയുണ്ട്.
അതേസമയം, നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയിൽ ഹർജി നൽകി. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കുന്നുണ്ട്. തനിക്ക് കവർച്ചയിൽ പങ്കില്ലെന്നും പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.
dsdfsfdsdfsdfs

