പശ്ചിമേഷ്യയിൽ വീണ്ടും പടയൊരുക്കം: രണ്ടാം വിമാനവാഹിനിക്കപ്പൽ അയക്കാൻ ട്രംപ്; നെതന്യാഹുവിനോട് നിർണ്ണായക ചർച്ച
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ കരുത്തു വർദ്ധിപ്പിക്കാനൊരുങ്ങി അമേരിക്ക. മേഖലയിലേക്ക് രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ കൂടി അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഇസ്രായേൽ മാധ്യമങ്ങളായ ചാനൽ 12, ആക്സിയോസ് എന്നിവയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നയം വ്യക്തമാക്കിയത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ അമേരിക്കയ്ക്ക് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു കപ്പൽ കൂടി അയക്കാൻ ട്രംപ് ആലോചിക്കുന്നത്. ഇത് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിട്ടുണ്ട്.
അതേസമയം ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രധാനമായും ഇറാന്റെ ആണവ പദ്ധതികളും പശ്ചിമേഷ്യയിലെ സുരക്ഷിതാവസ്ഥയുമാണ് ഉയർന്നുവന്നത്. ഇറാനുമായി ഒരു കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും നിലവിലെ നയതന്ത്ര ചർച്ചകൾ തുടരണമെന്നുമാണ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചത്.
അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന് നെതന്യാഹു ചർച്ചയിൽ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ സുരക്ഷാ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള കരാർ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. ഗാസയിലെ പുനർനിർമ്മാണത്തിന് മുൻപായി ഹമാസ് ആയുധം താഴെ വെക്കണമെന്നും നെതന്യാഹു വ്യക്തമാക്കി.
ഒമാനിൽ നടന്ന ഇറാൻ-അമേരിക്ക ചർച്ചകളോടെ മേഖലയിലെ സംഘർഷത്തിന് നേരിയ അയവ് വന്നിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ പ്രസ്താവനകളും വിമാനവാഹിനിക്കപ്പൽ അയക്കാനുള്ള തീരുമാനവും വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപ് അധികാരമേറ്റ ശേഷം നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്.
aa
