പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് ബ്ലാക്ക് മെയിലിംഗ്; മുപ്പത്തിയൊന്നുകാരൻ ബഹ്റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സോഷ്യൽ മീഡിയ വഴി 17 വയസ്സുകാരിയെ പ്രലോഭിപ്പിച്ച് ബ്ലാക്ക് മെയിലിംഗിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ 'ചൈൽഡ് പ്രൊട്ടക്ഷൻ ഇൻ സൈബർ സ്പേസ്' വിഭാഗമാണ് 31-കാരനായ പ്രതിയെ പിടികൂടിയത്.

ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ വിഭാഗം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം നടത്തിയ റെയ്ഡിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ നിരന്തരമായ മേൽനോട്ടം ഉണ്ടാകണമെന്ന് സൈബർ സെൽ വിഭാഗം പ്രത്യേക നിർദ്ദേശം നൽകി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പതിയിരിക്കുന്ന ചതിക്കുഴികളെയും അപകടങ്ങളെയും കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാനമായും മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൈബർ വിഭാഗം ഓർമ്മിപ്പിച്ചു. പരിചയമില്ലാത്തവരുമായുള്ള ഓൺലൈൻ സൗഹൃദങ്ങൾ കർശനമായി ഒഴിവാക്കുക എന്നതാണ് ഇതിൽ പ്രധാനം. കൂടാതെ, സ്വകാര്യ വിവരങ്ങളോ ചിത്രങ്ങളോ യാതൊരു കാരണവശാലും അപരിചിതർക്ക് കൈമാറാൻ പാടുള്ളതല്ല. ഇന്റർനെറ്റ് വഴിയുള്ള എന്തെങ്കിലും തരത്തിലുള്ള ഭീഷണികളോ പ്രലോഭനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ തന്നെ വിവരം അധികൃതരെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed